വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന മുഖസന്ധ്യ വേല ഇന്ന് സമാപിക്കും. ഇതോടെ അഷ്ടമിക്ക് മുൻപ് ദേവസ്വം ബോർഡ് നടത്തുന്ന സന്ധ്യവേലകൾ പൂർത്തിയാകും. സമൂഹങ്ങളുടെ സന്ധ്യവേല നവംബർ 13ന് ആരംഭിക്കും. മുഖസന്ധ്യ വേലയുടെ മൂന്നാം ദിനം മേൽശാന്തിമാരായ ടി.ഡി.നാരായണൻ നമ്പൂതിരി ,ടി.എസ്.നാരായണൻ നമ്പൂതിരി ,അനൂപ് നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി തുടങ്ങിയവരുടെ കാർമ്മികത്വത്തിൽ പന്തീരടിപൂജ, ശതകലശം തുടങ്ങിയ വിശേഷാൽ അഭിഷേകങ്ങൾ പൂർത്തിയാക്കി. തുടർന്ന് കിഴക്കേടത്ത് ഇല്ലത്ത് വിഷ്ണു വൈക്കത്തപ്പനെ ശ്രീകോവിലിൽ നിന്നു പുറത്തേക്ക് എഴുന്നള്ളിച്ചു. തിരുനക്കര ശിവൻ മഹാദേവരുടെ തിടമ്പേറ്റി. പ്രദക്ഷിണത്തിന് വ്യത്യസ്ത വാദ്യമേളങ്ങളാണ് ഉപയോഗിച്ചത്. വൈക്കം വേണു ചെട്ടിയാർ, ടി വി പുരം പ്രകാശ്, വെച്ചൂർ രാജേഷ്, വടയാർ അനിൽ കുമാർ കാർത്തിക് തുടങ്ങിയവരും ക്ഷേത്രകലാപീഠം വിദ്യാർത്ഥികളും വാദ്യമൊരുക്കി.