കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ സേവനങ്ങൾ ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. കഴിഞ്ഞ 20 വർഷത്തെ മുഴുവൻ ഫയലുകളും ഡിജിറ്റലൈസ് ചെയ്ത കേരളത്തിലെ ഏക ബ്ലോക്ക് പഞ്ചായത്തായ കാഞ്ഞിരപ്പള്ളിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. 2005 മുതൽ 2018 വരെയുള്ള 17312 ഫയലുകൾ പുതിയ റെക്കാഡ് മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടായ രണ്ട് ഏക്കർ സ്ഥലത്തെ 77 മരങ്ങളുടെ പേരും, അതിന്റെ ശാസ്ത്രീയ നാമങ്ങളും അതാതു മരങ്ങളിൽ ആലേഖനം ചെയ്തു. ബ്ലോക്കിന്റെ പരിസരത്തുള്ള അപൂർവ്വയിനം മരങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ജില്ലയിലെ 11 ബ്ലോക്കുകളിൽ ളാലം, ഈരാറ്റുപേട്ട എന്നീ ബ്ലോക്കുകൾക്ക് പിന്നാലെയാണ് കാഞ്ഞിരപ്പള്ളി ഐ.എസ്.ഒ കരസ്ഥമാക്കിയത്. ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെ പ്രഖ്യാപനം ഇന്ന് ഉച്ചകഴിഞ്ഞ് ആന്റോ ആന്റണി എം.പി നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി , വി.എസ്.സന്തോഷ്‌കുമാർ, മുഹമ്മദ് ജാ, പിഡി ജെ. ബെന്നി, ഷിനോ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ. രാജേഷ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മാഗി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.
നൂതന സംവിധാനങ്ങൾ
ഷീടോയ്‌ലെറ്റ്
പ്രാഥമിക ചികിത്സാ സൗകര്യം
പരാതിപ്പെട്ടികൾ
വിശദമായ ഭൂപടം
കോമ്പൗണ്ട് രൂപരേഖ
ഹാജർ ബോർഡുകൾ
വിശാലമായ ഭക്ഷണ മുറി
കോൺഫറൻസ് ഹാൾ
പാർക്കിംഗ് ഏരിയ
വിസിറ്റേഴ്സ് ഡയറികൾ
വിശാലമായ ഫ്രണ്ട് ഓഫീസ്