പാലാ : കോടികൾ മുടക്കി എട്ടുമീറ്റർ വീതി കൂട്ടി ടാർ ചെയ്തിട്ട് എന്തു കാര്യം? ചിറ്റാർ - ആമേറ്റുപള്ളി - വലവൂർ റോഡിലൂടെ യാത്ര ചെയ്യുന്നവർ ഈ ചോദ്യം ചോദിച്ചാൽ അതിശയോക്തിയില്ല. റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞു തുടങ്ങി. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഓരോ ദിവസവും തകർച്ച കൂടുകയാണ്. കരൂർ പഞ്ചായത്ത് വകയായിരുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു പണിതതാണ്. വീതി കൂട്ടിയെങ്കിലും അപകടകരമായ പല വളവുകളും നിവർന്നിട്ടില്ല. റോഡ് വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കാൻ ഭൂരിഭാഗം പേരും തയ്യാറായുമില്ല.
വെള്ളപ്പുര, ചിറ്റാർ, രാമപുരം റോഡിൽ നിന്നു പാലാ ചുറ്റാതെ വലവൂർ, മരങ്ങാട്ടുപിള്ളി ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന വഴിയാണിത്.ആദ്യഘട്ട ടാറിംഗ് കണ്ട് നല്ലറോഡാണെന്ന് ധരിച്ച് അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ കുഴികളിലും സംരക്ഷണ ഭിത്തിയില്ലാത്ത കൈത്തോടുകളിലേക്കും ചാടി അപകടങ്ങളുമുണ്ടാകുന്നുണ്ട്.

അപാകത അന്വേഷിക്കണം
ചിറ്റാർ - വലവൂർ റോഡ് നിർമ്മാണത്തിലെ അപാകതകളെയും അഴിമതികളെയും കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്കിയിട്ടുണ്ട്.
ജോയി കളരിക്കൽ, പാലാ പൗരാവകാശ സമിതി പ്രസിഡന്റ്‌