കോട്ടയം: കാനഡയിലെ ജോലി സാദ്ധ്യത പരിശോധിക്കാൻ മൊബൈൽ ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌ത ചങ്ങനാശേരി സ്വദേശിയായ നഴ്‌സിനു നഷ്‌ടമായത് 4500 രൂപ..! അക്കൗണ്ടിൽ നിന്നു പണം മാത്രമല്ല, സ്വകാര്യ വിവരങ്ങളും ചോർന്നു.

കാനഡയിൽ നഴ്‌സിനെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടാണ് യുവതി നമ്പരിൽ ബന്ധപ്പെട്ടത്. ഇതോടെ സിവി ഫ്ളാഷ് എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ നി‌ർദേശം വന്നു. അയച്ചുകിട്ടിയ ലിങ്ക് ഉപയോഗിച്ച് ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌തു. ഇതിനു പിന്നാലെ ഫോണിലേയ്‌ക്ക് ഒറ്റതവണ പാസ്‌വേഡ് എത്തി. എന്നാൽ, ഈ പാസ് ‌വേഡ് തിരികെ പറഞ്ഞു കൊടുക്കും മുൻപ് തന്നെ അക്കൗണ്ടിൽ നിന്നും 4500 രൂപ പിൻവലിച്ചതായുള്ള സന്ദേശം എത്തി,

ഇവർ പരാതിയുമായി കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിനെ സമീപിച്ചതോടെ നടത്തിയ അന്വേഷണത്തിൽ പിൻവലിച്ച തുക ഉപയോഗിച്ച് ഓൺലൈൻ ഷോപ്പിംഗ് നടത്തിയതായി കണ്ടെത്തി. ഈ പണമിടപാട് റദ്ദാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

നെറ്റില്ലാഞ്ഞിട്ടും പണം പോയി

ഇന്റർനെറ്റ് പോലുമില്ലാത്ത ഫോൺ ഉപയോഗിക്കുന്ന പള്ളിക്കത്തോട് സ്വദേശികളായ എഴുപതുകാരായ രണ്ടു പേരുടെ അക്കൗണ്ടിൽ നിന്ന് ചോർന്നത് 1.20 ലക്ഷം രൂപ. 80,000, 40,000 വീതം ഒാരോരുത്തർക്കും നഷ്ടമായി. രണ്ടാഴ്‌ച മുൻപായിരുന്ന സംഭവം. ഇവരുടെ അക്കൗണ്ടിലേയ്‌ക്ക് ഒറ്റത്തവണ പാസ്‌വേഡ് എത്തിയിരുന്നു. ഇത് പക്ഷേ ആരോടും പറഞ്ഞിട്ടില്ലെന്ന് ഇവർ പറയുന്നു. എന്നാൽ അതിനകം തുക നഷ്ടമായി. ഈ പണത്തിന് ഓൺലൈൻ ഷോപ്പിംഗാണ് നടന്നത്. തുടർന്ന് ഈ ഓർഡർ കാൻസൽ ചെയ്‌ത് മറ്റൊരു അക്കൗണ്ടിലേയ്‌ക്ക് തുക മാറ്റി. പിൻവലിക്കുകയും ചെയ്‌തു. പക്ഷ, ഇവരുടെ അക്കൗണ്ട് വിശദാംശങ്ങളും ഫോൺ നമ്പരും എങ്ങിനെ ലഭിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല.

കേന്ദ്രം ഡൽഹി

ഓൺലൈൻ തട്ടിപ്പുകളുടെ രാജ്യത്തെ പ്രഭവകേന്ദ്രം ഡൽഹിയാണെന്നാണ് പൊലീസിന്റെ സൂചന. കോട്ടയത്ത് നടന്ന രണ്ട് തട്ടിപ്പുകളിലും ഫോൺ വന്നിരിക്കുന്നത് ഡൽഹിയിൽ നിന്നാണ്. രണ്ടു തട്ടിപ്പിനു പിന്നിലും ഒരേ സംഘം തന്നെയാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇവരുടെ ഫോണിലേയ്‌ക്ക് ഒറ്റത്തവണ പാസ് വേഡ് ആയി എത്തിയ നമ്പരുകളും, പണം ലഭിച്ച അക്കൗണ്ടുകളുമാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്.

വഴിയുണ്ട്

ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ ജില്ലാ സൈബർ സെല്ലുമായി ബന്ധപ്പെടണം. 24 മണിക്കൂറിനുള്ളിലാണെങ്കിൽ ബാങ്കിന്റെ സഹകരണത്തോട‌െ പണം കൈമാറ്റം തടയാൻ കഴിയും.