പാലാ : ഗരുഡൻതൂക്ക കലയുടെ കുലപതി മാവേലിത്തടത്തിൽ കേശവനാചാരിയുടെ പേരിൽ ഗരുഡൻ തൂക്കം ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന വിദ്യാപീഠം വരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് , എല്ലാവിധ ചിട്ടവട്ടങ്ങളോടും കൂടി ഗരുഡൻ തൂക്കം പഠിപ്പിക്കുന്ന ഒരു വിദ്യാപീഠം വരുന്നതെന്ന് ഭാരവാഹികളായ ബിജോയ് കൃഷ്ണൻ, ജിജിത്‌മോഹൻ, സൂരജ് പി.ആർ എന്നിവർ അവകാശപ്പെട്ടു. ഗുരുകുല സമ്പ്രദായ രീതിയിലാണ് ഇവിടെ ഗരുഡൻ തൂക്കം പഠിപ്പിക്കുന്നത്. കുമ്മണ്ണൂരിലാണ് വിദ്യാപീഠം ആരംഭിക്കുന്നത്.
മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരാനുഷ്ഠാന കലകളിൽ ഒന്നായ ഗരുഡൻ തൂക്കത്തെ നവീന രീതിയിൽ ചിട്ടപ്പെടുത്തിയ ആചാര്യനാണ് കുമ്മണ്ണൂർ കേശവനാചാരി. ഗരുഡൻ തൂക്കത്തിന്റെ വേഷവിധാന നിർമ്മിതികൾ, തടിയിലുള്ള കൊത്തുപണികൾ, വിശാലമായ ഗരുഡൻ തട്ടുപോലും സ്വന്തമായി നിർമ്മിച്ച് ഈ അനുഷ്ഠാന കലയുടെ പുരോഗതിക്കായി ആറുപതിറ്റാണ്ടോളം പ്രവർത്തിച്ചകേശവനാചാരിക്ക് ഈമേഖലയിൽ നൂറുകണക്കിന് ശിഷ്യരുമുണ്ട്. 1986-ൽ 71-ാം വയസിലായിരുന്നു മരണം. പരേതയായ കുഞ്ഞുലക്ഷ്മിയാണ് ഭാര്യ. ശ്രീധരൻ, പരമേശ്വരൻ, കൃഷ്ണൻ, ശാന്ത, രമണി, പങ്കജവല്ലി എന്നിവരാണ് മക്കൾ. ഇവരിൽ കൃഷ്ണന്റെ മകൻ 'ഗരുഡൻ ഉണ്ണി'യെന്ന ബിജോയി കൃഷ്ണനാണ് വിദ്യാപീഠം പ്രസിഡന്റ്.
നാളെ 3.30 ന് കുമ്മണ്ണൂർ സെന്റ്‌ജോസഫ്‌സ് എൽ.പി. സ്‌കൂൾ ഹാളിൽ നടക്കുന്ന വിദ്യാപീഠം ഉദ്ഘാടന സാംസ്‌കാരിക സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം തന്ത്രി വി.ആർ. ാജേഷ് ശർമ്മ അനുഗ്രഹ പ്രഭാഷണം നടത്തും. വിദ്യാപീഠത്തിന്റെ ഉദ്ഘാടനം തിരുവിഴ ജയശങ്കർ നിർവഹിക്കും. രാജാശ്രീകുമാർ വർമ്മ മുഖ്യപ്രഭാഷണം നടത്തും. ഗരുഡൻതൂക്കം ഗുരുക്കന്മാരെയും ചെണ്ടമേളം ഗുരുക്കന്മാാരെയും ആദരിക്കും. ഗരുഡൻതൂക്ക ഗുരുക്കന്മാരെ കുറിച്ചിത്താനം ജയകുമാറും ചെണ്ടമേളം ഗുരുക്കന്മാരെ മാങ്ങാനം അനിൽകുമാറും പൊന്നാടയണിയിക്കും. സഞ്ജീവ് വി.പി നമ്പൂതിരി, ബിജോയി കൃഷ്ണൻ, ശ്രീജിത്ത് കെ.ആർ, സൂരജ് പി.ആർ, ജിജിത്‌മോഹൻ തുടങ്ങിയവർ പ്രസംഗിക്കും.