കോട്ടയം: ടാറിൽ കുടുങ്ങിയ നായയ്ക്ക് രക്ഷകരായി മൃഗസ്‌നേഹികൾ. രണ്ടു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ ശരീരത്തിൽ പറ്റിപ്പിടിച്ച ടാർ മുഴുവൻ നീക്കി അവർ അതിനെ സ്വതന്ത്രനാക്കി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ പൊതുമരാമത്ത് വകുപ്പ് ഓഫീസ് വളപ്പിൽ വീപ്പ ഇറക്കുന്നതിനിടെ തറയിൽ വീണു കിടന്ന ടാറിൽ കുടുങ്ങിയ ഒരു വയസ് പ്രായമുള്ള തെരുവുനായയ്ക്കാണ് പുതുജീവൻ ലഭിച്ചത്.

ടാറിൽ നിന്നു രക്ഷപെടാൻ നായ നടത്തിയ പരാക്രമം കണ്ട് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജീനിയർ ഓഫീസ് ജീവനക്കാരാണ് വിവരം ഫ്രണ്ട്‌സ് ഒഫ് ആനിമൽസിലെ ഡോ.പി.ബിജുവിനെ അറിയിച്ചത്. ഇദ്ദേഹം കാഞ്ഞിരപ്പള്ളി സ്വദേശികളും ടാറിൽ കുടുങ്ങിയ നാ‌യ്‌ക്കളെ രക്ഷിക്കുന്നതിൽ വിദഗ്‌ധരുമായ ജോബിയെയും മനുവിനെയും വിവരം അറിയിച്ചു. രണ്ടു മണിക്കൂറോളം സൺഫ്‌ളവർ ഓയിൽ ഉപയോഗിച്ച് നായ‌യെ തുടച്ച് വൃത്തിയാക്കി. ആരോഗ്യം വീണ്ടെടുക്കാൻ പാലും ഗ്ലൂക്കോസും നൽകിയ ശേഷമായിരുന്നു വൃത്തിയാക്കൽ. നായയുടെ പിൻ കാലിൽ പൊട്ടലേറ്റിട്ടുണ്ട്. രണ്ടു ദിവസം നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ ചികിത്സ നൽകുമെന്നും ഡോ.ബിജു അറിയിച്ചു.