കോട്ടയം: കഞ്ചാവിന്റെ ലഹരിയിൽ ആക്രമണം നടത്തിയ കേസുകളിൽ ആറു മാസത്തിനിടെ ജില്ലയിൽ പൊലീസിന്റെയും എക്‌സൈസിന്റെയും പിടിയിലായത് 123 കുട്ടികൾ. അടിപിടിക്കേസുകളിൽ 13 നും 17നും ഇടയിൽ പ്രായമുള്ള 42 കുട്ടികൾക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് പൊലീസ് 28 കുട്ടികൾക്കെതിരെയും ലഹരിയുടെ ഉപയോഗവും വിൽപ്പനയുമായി ബന്ധപ്പെട്ട് എക്‌സൈസ് 53 കുട്ടികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തു. കമ്പത്തു നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിയ 17 പേരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്. ഇവരിൽ പലരും സ്‌കൂൾ വിദ്യാർത്ഥികളാണ്.

കഞ്ചാവ് വിൽപ്പനയുമായി നേരിട്ട് ബന്ധമില്ലാത്ത, എന്നാൽ, കഞ്ചാവ് ഉപയോഗിക്കുന്ന മുന്നൂറിലേറെ കുട്ടികളെ പൊലീസും എക്‌സൈസും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു കണ്ടെത്തി കൗൺസിലിംഗിനു വിധേയരാക്കിയിട്ടുണ്ട്.

കോട്ടയം: കഞ്ചാവിന്റെ ലഹരിയിൽ അക്രമം നടത്തിയ ആർപ്പൂക്കര വില്ലൂന്നി ചക്കിട്ടപ്പറമ്പിൽ അഖിൽ രാജിനെ (21) കോടതി റിമാൻഡ് ചെയ്‌തു. പ്രായപൂർത്തിയാകാത്ത നാലു പ്രതികളെ തിരുവഞ്ചൂർ ജുവനൈൽ ഹോമിലേയ്‌ക്ക് മാറ്റി. മറ്റൊരു പ്രതി വിഷ്‌ണുദത്ത് ഒളിവിലാണ്.

വെള്ളിയാഴ്‌ച പുലർച്ചെ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പെരുമ്പായിക്കാട് സ്വദേശി ബിന്റോയെ ആക്രമിക്കുകയായിരുന്നു. ബിന്റോയും സംഘത്തിലെ കോളേജ് വിദ്യാർത്ഥിയായ പ്രതിയും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. നാട്ടുകാർ കൂടിയതോടെ ഇവർ ഇരുചക്ര വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പുല‌ർച്ചെ ആറു മണിയോടെ വാഹനം എടുക്കാനെത്തിയ സംഘം ബിന്റോയുടെ സഹോദരിയെയും ആക്രമിച്ചു. തുടർന്ന് ഏറ്റുമാനൂരിലെ മഹാദേവ ഇൻസ്റ്റിറ്റ്യൂട്ടിലെത്തി കുരുമുളക് പൊടി വിതറി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച പ്രതികൾ, വിദ്യാർത്ഥിയായ അരവിന്ദിനെ കുത്തി വീഴ്‌ത്തി. കോളേജ് അധികൃതർ ഓടിയെത്തിയപ്പോഴേയ്‌ക്കും പ്രതികൾ രക്ഷപ്പെട്ടു. ഈ സംഘത്തിലെ പതിനാറുകാരൻ വൈകിട്ട് വില്ലൂന്നിയിലെ ഒരു കടയിൽ സിഗരറ്റ് ചോദിച്ചെത്തി. പ്രായപൂർത്തിയാകാത്തയാൾക്ക് സിഗരറ്റ് നൽകില്ലെന്ന് കട ഉടമ പറഞ്ഞതോടെ കട അടിച്ചു തകർത്തു. ഗുണ്ടാ സംഘത്തെ ഭയപ്പെട്ട് ഉടമ പൊലീസിൽ പരാതി നൽകിയിട്ടില്ല. ഏറ്റുമാനൂ‌ർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലാണ് പിന്നീട് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

മാനസികാരോഗ്യ പ്രശ്നം

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഏതെങ്കിലും രീതിയിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. ഇവരെ കൃത്യമായി നിരീക്ഷിച്ചാൽ പ്രശ്‌നത്തിൽ നിന്ന് ഒരു പരിധിവരെ രക്ഷിക്കാൻ സാധിക്കും. ഇതിന് കൃത്യമായ കൗൺസലിംഗ് ആവശ്യമാണ്.

ഡോ.സാനി വർഗീസ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

ജനറൽ ആശുപത്രി കോട്ടയം