nss

കോട്ടയം: ശബരിമല വിഷയത്തിൽ സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താൻ പിണറായി വിജയൻ നോക്കേണ്ടെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. പൊലീസ് നടപടികളെ നിയമപരമായി നേരിടും. പൊലീസിനെ കണ്ട് ഭയപ്പെട്ട് പിൻമാറുന്നവരല്ല എൻ.എസ്.എസ്. പെരുന്ന ആസ്ഥാനത്ത് നടന്ന എൻ.എസ്.എസ് ബഡ്ജറ്റ് ബാക്കിപത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസം സംരക്ഷിക്കാൻ നാമജപ ഘോഷയാത്ര നടത്തിയവരെ അറസ്റ്റ് ചെയ്ത് മനോവീര്യം കെടുത്താമെന്ന് ധരിക്കേണ്ട. എല്ലാ വീടുകളിലും പൊലീസ് കയറി സ്ത്രീകളെ വിരട്ടുകയാണ്. വിശ്വാസം സംരക്ഷിക്കാൻ സമാധാനപരമായി ഏതറ്റം വരെയും പോകും. അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. എൻ.എസ്.എസ് പതാകദിനമായ 31ന് എല്ലാ കരയോഗങ്ങളിലും അയ്യപ്പ ചിത്രത്തിന് മുന്നിൽ ഒരു മണിക്കൂർ വിശ്വാസ സംരക്ഷണ നാമജപം നടത്തും.

13ന് റിവ്യൂ ഹർജിയിൽ അനുകൂല വിധിയുണ്ടാകുമെന്നതിൽ സംശയമില്ല. അനുകൂല വിധിയുണ്ടായില്ലെങ്കിലും പിന്നോട്ടില്ല. എന്ത് വേണമെന്ന് അപ്പോൾ തീരുമാനിക്കും. ശബരിമലയിൽ നിരീശ്വരവാദികളായ യുവതികളെ കയറ്റാൻ സർക്കാരിന് എന്താണിത്ര താത്പര്യമെന്ന് മനസിലാകുന്നില്ല. ദേവസ്വം ബോർഡിനുമേൽ സർക്കാരിന് ഒരു അവകാശവുമില്ലെന്നിരിക്കേ റിവ്യൂ ഹർജി നൽകാൻ ബോ‌ർഡിനെ അനുവദിക്കുന്നുമില്ല. ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഈശ്വര വിശ്വാസികളാണെന്ന് സർക്കാരും ദൃശ്യമാദ്ധ്യമങ്ങളും മറക്കരുത്. ഇല്ലെങ്കിൽ തിരിച്ചടിയുണ്ടാവും. ശബരിമല വിഷയത്തിൽ പൊലീസിനും സർക്കാരിനും വേണ്ടി വാർത്ത കൊടുത്തുകൊണ്ടിരുന്ന ചില ദൃശ്യമാദ്ധ്യമങ്ങൾക്ക് തിരുത്തേണ്ട സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.