കോട്ടയം: ചുട്ടുപൊള്ളുന്ന ചൂടിൽ ഒരു ഫാനെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ വെന്തുരുകില്ലായിരുന്നു. രോഗം മാറണമെങ്കിൽ എല്ലാം സഹിച്ച് നിന്നല്ലേ പറ്റൂ. പുതുപ്പള്ളി സ്വദേശിയായ വീട്ടമ്മയുടേത് വെറുംവാക്കല്ല. ദിനംപ്രതിയെത്തുന്ന നൂറുകണക്കിന് രോഗികള പരീക്ഷിക്കുകയാണ് കോട്ടയം ജനറൽ ആശുപത്രി അധികൃതർ ചെയ്യുന്നത്. ഫാർമസിക്ക് സമീപത്തെ രണ്ട് ഫാനുകൾ പ്രവർത്തനരഹിതമായിട്ടും ആരും കണ്ടഭാവം നടിക്കുന്നില്ല. കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരും ഗർഭിണികളുമടക്കം മരുന്ന് വാങ്ങി ക്ഷീണിതരായാണ് മടങ്ങുന്നത്. ഫാൻ നന്നാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് രോഗികൾ പറയുന്നു. അയ്‌മനം, നാട്ടകം, പനച്ചിക്കാട്, തിരുവഞ്ചൂർ, അയർക്കുന്നം, പള്ളം, മണർകാട്, വിജയപുരം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു നിരവധിപ്പേരാണ് ചികിത്സ തേടി ഇവിടെയെത്തുന്നത്. വാർഡുകളുടെ അവസ്ഥയും ദയനീയമാണ്. ജനറേറ്ററില്ലാത്തതിനാൽ വൈദ്യുതി മുടങ്ങുന്ന സമയം പലരും വിയർത്തൊലിക്കുകയാണ്. ചില വാർഡുകളിലാകട്ടെ ഫാൻ പോലുമില്ല.

തുരുമ്പെടുത്ത് കസേരകൾ

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിശ്രമിക്കാനായി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഇരിപ്പിടങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്. ലാബിനു മുന്നിലും ആശുപത്രി സൂപ്രണ്ട് ഓഫീസിനു മുന്നിലുമാണ് സ്റ്റീൽ കസേരകളുള്ളത്. കസേരയുടെ ചില ഭാഗങ്ങൾ അടർന്നു മാറി കമ്പി പുറത്തേക്ക് തള്ളിനിൽക്കുകയാണ്. മണിക്കൂറുകളോളം നിന്ന് മടുത്ത പലരും കസേരയിൽ ഇരിക്കുന്നതും കാണാം. ഇത് അപകടങ്ങൾക്ക് ഇടയാക്കും. നിലത്തു പാകിയിരിക്കുന്ന ടൈലുകളും ഇളകി മാറിയ നിലയിലാണ്. 2.50 കോടി ചെലവിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഒ.പി വിഭാഗം നവീകരിക്കുന്നതിനോടൊപ്പം ഇരിപ്പിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുമെന്നത് പ്രഖ്യാപനം മാത്രമായി.

'' ഫാൻ പ്രവർത്തനരഹിതമായ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടില്ല, അന്വേഷിച്ച് എത്രയും വേഗം പുന:സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും.

ഡോ.ബിന്ദു കുമാരി (ജനറൽ ആശുപത്രി സൂപ്രണ്ട്)