കോട്ടയം: ട്രഷറിയിൽ അടയ്‌ക്കേണ്ട തുക തട്ടിയെടുത്ത ശേഷം അഞ്ചു മാസമായി ഒളിവിലായിരുന്ന വില്ലേജ് ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്‌തു. അമയന്നൂർ വഴനത്തോട്ടത്തിൽ ജോബി തോമസിനെ (39)യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്‌തത്. കോട്ടയം റവന്യു റിക്കവറി തഹസിൽദാരുടെ ഓഫീസിൽ നിന്ന് നാലു മാസം കൊണ്ട് 2.10 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്.
2017 നവംബർ മുതൽ 2018 ഫെബ്രുവരി വരെയായിരുന്നു കേസിനാസ്‌പദമായ സംഭവം. വിവിധ സ്ഥലങ്ങളിൽ നിന്ന് കളക്‌ഷൻ എടുക്കുന്ന തുക ബാങ്കിലും ട്രഷറിയിലും അടയ്ക്കാൻ ഏൽപ്പിച്ചിരുന്നത് ജോബിയെയായിരുന്നു. എന്നാൽ അടച്ചതായി വ്യാജ രസീത് ഉണ്ടാക്കി തുക തട്ടിയെടുക്കുകയായിരുന്നു ജോബി ചെയ്തത്. സംഭവം കണ്ടെത്തി പൊലീസിൽ പരാതി നൽകിയതോടെ ഇയാൾ മുങ്ങി.
വെസ്റ്റ് എസ്.ഐ എം.ജെ അരുൺ, അഡീ. എസ്.ഐ യു.സി ബിജു, എ.എസ്.ഐ ബിനുമോൻ, സിവിൽ പൊലീസ് ഓഫിസർ നവീൻ എന്നിവർ ചേർന്ന് എറണാകുളത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്‌തു. ജോബി സസ്പെൻഷനിലാണ്.