കോട്ടയം: സായാഹ്നങ്ങളിൽ പച്ചപുതച്ച പാടശേഖരങ്ങളെ തഴുകി ഇളംകാറ്റ്, അസ്‌തമയ സൂര്യന്റെ ചാരുത ആസ്വദിച്ച് മനസു നിറയുവോളം സൊറ പറഞ്ഞിരിക്കാൻ കൈതയിൽക്കെട്ട് മാടിവിളിക്കുകയാണ്. നാലുമണിക്കാറ്റ്, മലരിക്കൽ, പാറക്കൽക്കടവ്, പടിയറക്കടവ് തുടങ്ങിയ വഴിയോര വിശ്രമ കേന്ദ്രങ്ങൾക്ക് പിന്നാലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് വടവാതൂരിലെ കൈതയിൽക്കെട്ട് പാടശേഖരം. ബണ്ടുറോഡിനോട് ചേർന്നുള്ള പാടശേഖരത്തെ കാഴ്‌ചകൾ ആസ്വദിക്കാൻ നിരവധി യാത്രക്കാരാണ് വന്നുപോകുന്നത്. 600 ഏക്കറോളം വരുന്ന പാടശേഖരത്തിന്റെയും മീനന്തറയാറിന്റെയും നടുവിലൂടെ ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ പ്രകൃതി സൗന്ദര്യം പകർന്ന് നിൽക്കുന്നു. വർഷങ്ങളോളം തരിശായി കിടന്ന കൈതയിൽക്കെട്ട് പാടശേഖരത്തിലെ 35 ഏക്കറോളം വെള്ളക്കെട്ടാണ്. ഇവിടെ കാർഷിക വികസന സംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി മത്സ്യക്കൃഷി നടത്തുന്നുണ്ട്. വരാൽ, മഞ്ഞക്കൂരി, വാള, കാരി, നാടൻമുഷി, ചേറുമീൻ, കരിമീൻ, കൊഞ്ച്, കല്ലടമുട്ടി, കുറുവ പരൽ, മനഞ്ഞിൽ, പുല്ലൻ, രോഹു, കട്‌ല, ഗ്രാസ് കാർപ്പ്, തിലാപ്പിയ തുടങ്ങിയവയുടെ വൻ ശേഖരമാണ് ഇവിടെയുള്ളത്. അതിനാൽ ഒഴിവുവേളകളിൽ ചൂണ്ടയിടാനും നിരവധിയാളുകൾ എത്തുന്നു.
വിരുന്നിനെത്തും പക്ഷികൾ
വേനൽക്കാലത്ത് ഇവിടം ദേശാടനപ്പക്ഷികളുടെ വിഹാരകേന്ദ്രമാണ്. സന്ദർശകർക്ക് ഇളംകാറ്റേറ്റ് പച്ചമരത്തണലിൽ ഇരിക്കാനായി ചാരു ബഞ്ചുകളും ഒരുക്കിയിട്ടുണ്ട്. സിനിമാക്കാരുടെ ഇഷ്ട ലോക്കേഷൻ കൂടിയാണ് കൈതയിൽക്കെട്ട്. ചാക്കോ രണ്ടാമൻ, ഒരു മുത്തശ്ശി ഗദ തുടങ്ങി നിരവധി സിനിമകളും ഷോർട്ട് ഫിലിമുകളും ,ഔട്ട്‌ഡോർ വിവാഹ ദൃശ്യങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.