franco

വൈക്കം: നവംബർ അഞ്ചിനകം ലാപ്‌ടോപ്പ് ഹാജരാക്കിയില്ലെങ്കിൽ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പൊലീസിന്റെ നോട്ടീസ്. ജാമ്യവ്യവസ്ഥ പ്രകാരം ഇന്നലെ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന് മുന്നിൽ ഹാജരായപ്പോഴാണ് നോട്ടീസ് നൽകിയത്. തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ബിഷപ്പ് ലാപ്‌ടോപ്പ് ഹാജരാക്കിയിരുന്നില്ല. തുടർന്നാണ് കർശന നിർദ്ദേശം നൽകിയത്.

ഡൽഹിയിൽ താമസിക്കുന്ന ബന്ധുവായ സ്ത്രീ കന്യാസ്ത്രീക്കെതിരെ 2016ൽ പരാതി നൽകിയിരുന്നെന്നും ഇതിൽ അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പ്രതികാരമാണ് തനിക്കെതിരെയുള്ള ആരോപണമെന്നും ബിഷപ്പ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഈ ഉത്തരവ് ടൈപ്പ് ചെയ്ത ലാപ്‌ടോപ്പാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഉത്തരവിന്റെ പകർപ്പും മറ്റും ബിഷപ്പ് ഹാജരാക്കിയിരുന്നു. എന്നാൽ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയതിന് ശേഷമാണ് അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്തതെന്നാണ് കരുതുന്നത്.

ബിഷപ്പിന്റെ മറ്റൊരു ലാപ്ടോപ്പ് അന്വേഷണസംഘം ജലന്ധറിൽ കണ്ടെടുത്തിരുന്നു. ഇതിന്റെ ഫോറൻസിക് പരിശോധനയും കഴിഞ്ഞു. കന്യാസ്ത്രീക്കെതിരെയുള്ള അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്തതായി ഇതിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇന്നലെ രാവിലെ 10.30നാണ് ബിഷപ്പ് വൈക്കം ഡിവൈ.എസ്.പി ഓഫീസിൽ ഹാജരായത്. 11 മണിയോടെ മടങ്ങി. സഹോദരനും അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു.