ഏറ്റുമാനൂർ: നവീകരിച്ച ഏറ്റൂമാനൂർ സ്റ്റേഷനിലൂടെ ട്രെയിൻ ഓടിത്തുടങ്ങി. ജോസ്‌ കെ.മാണി എം.പി പച്ചക്കൊടികാട്ടിയതോടെ പുതുതായി നിർമ്മിച്ച മൂന്നാം നമ്പർ ട്രാക്കിലൂടെ കേരളാ എക്‌സ്‌പ്രസ് മുന്നോട്ടു പാഞ്ഞു.ആധുനിക സൗകര്യങ്ങളോടുകൂടി നീണ്ടൂർ റോഡിന്റെയും അതിരമ്പുഴ റോഡിന്റെയും മദ്ധ്യത്തിലാണ്‌ പുതിയ സ്റ്റേഷൻ . ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം 6 മണിക്കൂർ നിർത്തിയിരുന്നു.

നിലവിലെ ട്രാക്കുകളോടൊപ്പം പുതുതായി രണ്ട്‌ ട്രാക്കുകൾകൂടി നിർമ്മിച്ചിട്ടുണ്ട്‌. പുതിയ ഫുട്ട്‌ ഓവർ ബ്രിഡ്‌ജിൽക്കൂടി യാത്രക്കാർക്ക്‌ പ്ലാറ്റ്‌ ഫോമുകൾ മാറിക്കയറാം. ടിക്കറ്റ്‌ ബുക്കിംഗ്‌ കൗണ്ടർ, ബാത്ത്‌റൂമുകൾ, സ്റ്റേഷൻ മാസ്റ്റർ റൂം, വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ പുതിയ സ്റ്റേഷനിലുണ്ട്‌. പ്ലാറ്റ്‌ഫോമുകൾ ടൈലുകൾ പാകി മനോഹരമാക്കി. സ്റ്റേഷനോട്‌ ചേർന്നുള്ള നീണ്ടൂർ റോഡിലെ മേൽപാലം വീതി കൂട്ടി ഫുട്ട്‌ പാത്തോടുകൂടി പുനർനിർമ്മിച്ചു.

അടുത്ത ദിവസം സ്റ്റേഷനിലെ രണ്ടാം ഘട്ട ജോലികൾക്ക്‌ തുടക്കമാവും. നിലവിലുള്ള ട്രാക്കുകൾ റീ ഗ്രേഡ്‌ ചെയ്യുന്ന ജോലികളാവും നടക്കുക.
പ്രധാന ഇടത്താവളമായ ഏറ്റുമാനൂരിൽ എത്തുന്ന അയ്യപ്പഭക്തർക്കും, ജില്ലയിലെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക്‌ പോകുന്നവർക്കും കൂടുതൽ പ്രയോജനകരമാകും പുതിയ സ്‌റ്റേഷൻ. നീണ്ടൂർ -അതിരമ്പുഴ റോഡിന്റെ ഇടയിലേക്ക്‌ മാറ്റി സ്ഥാപിച്ചതോടെ ജില്ലയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന്‌ യാത്രക്കാർക്കും എം.ജി യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്‌, മാന്നാനം തുടങ്ങിയ ഭാഗങ്ങളിലേയ്‌ക്ക്‌ പോകുന്ന യാത്രക്കാർക്കും എളുപ്പമുണ്ട്.
കുറുപ്പന്തറ മുതൽ ഏറ്റുമാനൂർ വരെയുള്ള പാത ഇരട്ടിപ്പിക്കൽ ജോലികൾ അവസാനഘട്ടത്തിലാണ്‌. ഏപ്രിലോടെ ഏറ്റുമാനൂർ വരെയുള്ള ഇരട്ടപ്പാതയും യാഥാർത്ഥ്യമാവും. മനക്കപ്പാടത്തുള്ള റെയിൽവെ അടിപ്പാതയുടെ ഉയരംകൂട്ടി പാത വീതി കൂട്ടി പുനർനിർമ്മിക്കുമെന്നും എം.പി പറഞ്ഞു.