കോട്ടയം: ശബരിമല വിശ്വാസികളെ തിരഞ്ഞുപിടിച്ച് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയെ ചെറുത്ത് തോൽപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു പത്രസമ്മേളനത്തിൽ പറഞ്ഞു. നാമം ജപിച്ചു വീട്ടിലിരിക്കില്ല. നാമജപഘോഷയാത്രയുമായി ഇനിയും രംഗത്തുവരും. നവംബർ ഒന്നിന് കോട്ടയത്ത് വിവിധ ഹൈന്ദവ സംഘടനകൾ യോഗം ചേർന്ന് സമരപരിപാടികൾ ആവിഷ്കരിക്കും. 2500ൽ അധികം അയ്യപ്പഭക്തരെ ഇതിനകം കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തു. ശരണം വിളിച്ചാലും ശബരിമല ദർശനത്തിനെത്തിയാലും സർക്കാർ നടപടികളിലെ വൈകല്യങ്ങൾ ചൂണ്ടിക്കാട്ടിയാലും അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുന്നത് ജനാധിപത്യ അവകാശങ്ങളിന്മേലുള്ള കടന്നു കയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.പ്രസാദ്, രാജേഷ് നട്ടാശേരി എന്നിവരും പങ്കെടുത്തു.