കോട്ടയം: ശബരിമലയുടെ പേരിൽ കേരളത്തിൽ വർഗീയത ആളിക്കത്തിക്കാൻ അമിത് ഷായും പിണറായി വിജയനും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയത്ത് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് യു.ഡി.എഫ് നടത്തിയ ശബരിമല വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് അമിത് ഷായും പിണറായിയും. ശബരിമല കഴിഞ്ഞ് മറ്റു മതങ്ങളിലേക്കും ഏകീകൃത സിവിൽ കോഡിലേയ്ക്കും കടക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. കേരളത്തിന്റെ മതേതര മനസിനെ വർഗീയവത്ക്കരിക്കാൻ യു.ഡി.എഫ് സമ്മതിക്കില്ല. ശബരിമല വിവാദം ആളിക്കത്തിച്ചതിലൂടെ പിണറായി ബി.ജെ.പിക്കാരുടെ ഇഷ്ടനായകനായി. യു.ഡി.എഫിനെ ദുർബലപ്പെടുത്തി ബി.ജെ.പിയെ വളർത്തി കേരളത്തിൽ തുടർഭരണമാണ് പിണറായി ലക്ഷ്യമിടുന്നതെങ്കിൽ അത് മലർപൊടിക്കാരന്റെ സ്വപ്നമാകും. നാമജപഘോഷയാത്ര നടത്തിയവരെ വരെ അറസ്റ്റു ചെയ്യുന്നത് പൗരാവകാശലംഘനമാണ്. സ്റ്റാലിന്റെ പ്രേതം പിണറായിയിൽ കൂടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളകോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, ജോസ് കെ.മാണി ,അബ്ദുൾ റഹ് മാൻ രണ്ടത്താണി. മോൻസ് ജോസഫ്, എൻ.ജയരാജ്, ജോണിനെല്ലൂർ, ദേവരാജൻ,ജോയി എബ്രഹാം, ജോസഫ് വാഴയ്ക്കൻ, സണ്ണി തെക്കേടം ജോസി സെബാസ്റ്റ്യൻ പി.എ.സലീം, നാട്ടകം സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു