രാത്രിയിൽ കറങ്ങി നടന്നാൽ അകത്താകും
കോട്ടയം: നാഗമ്പടത്തെ ക്ലീനാക്കാനുള്ള പൊലീസ് ഓപ്പറേഷനിൽ കുടുങ്ങിയത് മൂന്നു ക്രിമിനലുകൾ. ശനിയാഴ്‌ച രാത്രി മുതൽ ഞായറാഴ്‌ച പുലർച്ചെ വരെ നീണ്ടു നിന്ന ഓപ്പറേഷനിൽ ഇരുപതോളം പേരെ കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ച് വിട്ടയച്ചു. ഈസ്റ്റ് സി.ഐ ടി.ആർ ജിജു, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസ് കൺട്രോൾ റൂം നാഗമ്പടത്തു നിന്നു ഈസ്റ്റ് പൊലീസ് സ്റ്റേഷനുമുകളിലേയ്‌ക്ക് മാറ്റിയതിനു പിന്നാലെ നാഗമ്പടത്ത് സാമൂഹ്യവിരുദ്ധശല്യം വർദ്ധിച്ചതായി പരാതി ഉയർന്നിരുന്നു. കഞ്ചാവ് - മദ്യമാഫിയ സംഘങ്ങൾ രാത്രികാലത്ത് നാഗമ്പടം കേന്ദ്രീകരിക്കുന്നതായാണ് പരാതി. ഇതേ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പദ്ധതി തയ്യാറാക്കിയത്. രാത്രിയിൽ മഫ്‌തി പൊലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. രാത്രി 11 മുതൽ പുലർച്ചെ 4 വരെ പരിശോധന നടത്തും. കൃത്യമായ കാരണമില്ലാതെ കറങ്ങി നടക്കുന്നവരെ കണ്ടെത്തി, പേരും വിലാസവും രേഖപ്പെടുത്തും. ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനാണ് തീരുമാനം.
പിടിയിലായത് പോക്കറ്റടിക്കേസ് പ്രതികൾ
നാഗമ്പടത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വില്പനശാലയിൽ ക്യൂ നിന്ന യുവാവിന്റെ പോക്കറ്റടിച്ച കേസിലെ മൂന്നുപേരാണ് പൊലീസ് പിടിയിലായത്. പെരുമ്പായിക്കാട് സ്വദേശികളായ സുജി (48), പ്രദീപ് (44), കരുനാഗപ്പള്ളി സ്വദേശി ആൻസൺ (33) എന്നിവരെയാണ് നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നു രാത്രി 11.30 ഓടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ മൊബൈൽ ഫോൺ മൂന്നംഗ സംഘം മോഷ്‌ടിച്ചത്. മൊബൈൽ ഫോൺ കാണാനില്ലെന്ന് ഇയാൾ ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.