palstic

കോട്ടയം: പ്രളയം അവശേഷിപ്പിച്ച 200 ടൺ മാലിന്യം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. പഞ്ചായത്ത് പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ, സന്നദ്ധസംഘടനകൾ, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിൽ ശേഖരിച്ച മാലിന്യങ്ങളാണ് സംസ്‌കരിക്കാനായി ക്ലീൻകേരള കമ്പനി ഏറ്റെടുത്തത്. കേരള സ്‌ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷൻ, ക്രിസ്‌ േഗ്ലാബൽ, കേരള എൻവയറോ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് മാലിന്യം സംസ്കരിക്കുന്നത്. തരംതിരിച്ചെടുക്കുന്ന മാലിന്യങ്ങളിൽ നല്ലൊരു ശതമാനം കേരള സ്‌ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷൻ ഏറ്റെടുത്ത് ഇവരുടെ പ്ലാന്റിലേക്ക് മാറ്റി. പുനരുപയോഗിക്കാൻ കഴിയാത്തവ കേരള എൻവയറോ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡാണ് ഏറ്റെടുത്തിരിക്കുന്നത്. ഭൂമി നികത്താൻ ഇത് ഉപയോഗിക്കും.
പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ഒരു ഭാഗം ക്ലീൻകേരള കമ്പനിയുടെ കൊല്ലം നീണ്ടകരയിലുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളിൽ എത്തിച്ച് പൊടിച്ച് ടാറിംഗിനായി ഉപയോഗിക്കും. മാലിന്യങ്ങളിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് കുപ്പികളും കവറുകളുമാണെന്ന് ക്ലീൻ കേരള കമ്പനി അധികൃതർ പറഞ്ഞു. ഗൃഹമാലിന്യങ്ങളിൽ കൂടുതൽ മെത്തകളും തലയണകളുമാണ്. തീർത്തും ഉപയോഗശൂന്യമായ രണ്ട് ലക്ഷത്തിലധികം മെത്തകളാണ് ശേഖരിച്ചത്. ഇവയിൽ ഭൂരിഭാഗവും നികത്തലാവശ്യത്തിനായി കൈമാറിയിരിക്കുകയാണ്. വൻതോതിൽ ഇ-മാലിന്യങ്ങൾ എത്തുമെന്നായിരുന്നു കണക്കു കൂട്ടലെങ്കിലും താരതമേന്യ കുറവായിരുന്നു. ഇ-മാലിന്യങ്ങൾ ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിക്കാണ് കൈമാറുന്നത്.

'' ജില്ലയിൽ അയ്‌മനം, കുമരകം പഞ്ചായത്തുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രളയ മാലിന്യം ശേഖരിച്ചത്. രണ്ട് പഞ്ചായത്തുകളിൽ നിന്നായി 50 ടൺ മാലിന്യമാണ് ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാലിന്യം തൃശൂരിലാണ് ശേഖരിച്ചത്. കോട്ടയത്താണ് ഏറ്റവും കുറവ്.

നസിം ഷാ (ക്ലീൻ കേരള കമ്പനി അസിസ്റ്റന്റ് മാനേജ‌ർ )