nss

കോട്ടയം:ശബരിമല യുവതീ പ്രവേശന വിഷയത്തിൽ എൻ.എസ്.എസ് നിലപാടിനെ പരസ്യമായി വിമർശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അതേ നാണയത്തിൽ മറുപടി നൽകി.

മന്നത്ത് പത്മനാഭൻ ഉയർത്തിപ്പിടിച്ച നവോത്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണ് ശബരിമല പ്രശ്നത്തിൽ എൻ.എസ്.എസ് നിലപാടെന്ന കോടിയേരിയുടെ വിമർശനത്തിന്, തിരുത്തേണ്ടത് സർക്കാരും സി. പി. എമ്മും ആണെന്ന് സുകുമാരൻനായർ ചങ്ങനാശേരിയിൽ പ്രസ്‌താവനയിൽ പറഞ്ഞു. കോടിയേരിയുടെ ഉപദേശം അപ്രസക്തമാണ്. മന്നത്തുപത്മനാഭന്റെ ആദർശങ്ങളിൽ അടിയുറച്ച് നിന്ന് നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചരിത്രമാണ് എൻ.എസ്.എസിന്റേത്.വിശ്വാസ സംരക്ഷണവുമായി ഇതിനെ കൂട്ടിക്കുഴയ്‌ക്കേണ്ട. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരെ സർക്കാർ നീക്കം ഉണ്ടാകുന്നതായി അറിഞ്ഞപ്പോൾ തന്നെ, അങ്ങനെയൊരു നിലപാട് ബഹുഭൂരിപക്ഷം വിശ്വാസികളും അംഗീകരിക്കില്ലെന്നും പിൻമാറുകയാണ് നല്ലതെന്നും കോടിയേരി ബാലകൃഷ്ണനെ ഫോണിൽ അറിയിച്ചിരുന്നതാണ്. അല്ലാത്തപക്ഷം വിശ്വാസ സംരക്ഷണത്തിനായി എൻ.എസ്.എസിന് നിലപാട് സ്വീകരിക്കേണ്ടിവരുമെന്നും അറിയിച്ചിരുന്നു. അതിനാലാണ് ഇപ്പോഴത്തെ ഉപദേശം അപ്രസക്തമാണെന്നു പറയേണ്ടി വരുന്നത്.വിശ്വാസികൾക്ക് അനുകൂലമായ എൻ.എസ്.എസ് നിലപാട് വ്യക്തമാണ്. അതിൽ രാഷ്ട്രീയലക്ഷ്യങ്ങളൊന്നുമില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ നയമാണു തിരുത്തേണ്ടതെന്നും സുകുമാരൻ നായർ പ്രസ്‌താവനയിൽ പറഞ്ഞു.

സുപ്രീംകോടതിയുടെ ശബരിമല വിധി വന്നപ്പോൾ തന്നെ എൻ.എസ്.എസ് എതിർപ്പ് അറിയിച്ചിരുന്നു. നാമജപ ഘോഷയാത്രയിൽ അടക്കം എൻ.എസ്.എസ് മുന്നിൽ നിന്നു. സി.പി.എം നേതൃത്വം അപ്പോഴൊന്നും എൻ.എസ്.എസിനെ പരസ്യമായി വിമർശിച്ചിരുന്നില്ല. പന്തളം കൊട്ടാരത്തെയും തന്ത്രികുടുംബത്തെയും വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, എൻ.എസ്.എസിനെ ഇതുവരെ വിമർശിച്ചിട്ടല്ല.

കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ ചേർന്ന ബഡ്‌ജ‌റ്റ് ബാക്കിപത്ര സമ്മേളനത്തിലാണ് സുകുമാരൻ നായർ നിലപാട് കടുപ്പിച്ചത്.സംസ്ഥാനത്ത് അടിയന്തരാവസ്ഥയാണെന്നും, പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താൻ നോക്കേണ്ടെന്നും പറഞ്ഞ സുകുമാരൻ നായർ, പിണറായി വിജയനെ പേരെടുത്ത് പരാമർശിക്കുകയും ചെയ്‌തു. ഇതോടെയാണ് കോടിയേരി ഇന്നലെ ആദ്യമായി എൻ.എസ്.എസിനെ പരസ്യമായി വിമർശിച്ചത്. സാമ്പത്തിക സംവരണത്തിലും മറ്റും സർക്കാരിനെ പിന്തുണച്ചിരുന്ന എൻ.എസ്.എസിന്റെ നിലപാട് മാറ്റം സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുകയാണ്.