കോട്ടയം: റേഷൻ കടകളിലെ തട്ടിപ്പ് തടയാൻ ത്രാസും ഇ-പോസ് മെഷീനും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾ അടുത്ത മാർച്ചിൽ ആരംഭിച്ചേക്കും. ഇതിന്റെ ഭാഗമായി ഡിസംബർ മുതൽ ഉദ്യോഗസ്ഥർക്ക് പരീശീലനം നൽകാനാണ് സിവിൽ സപ്ലൈസിന്റെ ആലോചന. ജില്ലയിലെ എല്ലാ റേഷൻകടകളിളും ഇ -പോസ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. ത്രാസുമായി ബന്ധിപ്പിക്കുന്നതോടെ തട്ടിപ്പ് പൂർണമായും തടയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇ-പോസ് മെഷീനിലെ പഴുതുകൾ മുതലെടുത്ത് പലയിടത്തും ഇപ്പോഴും തട്ടിപ്പ് നടക്കുന്നുണ്ട്. റേഷൻകാർഡ് ഉടമകൾ വാങ്ങാത്ത സാധനങ്ങൾക്കു പോലും ബില്ല് അടിച്ചും, തൂക്കം കുറച്ച് നൽകിയുമാണ് തട്ടിപ്പ്. നിലവിൽ റേഷൻ കടകൾക്ക് സാധനങ്ങൾ വിതരണം ചെയ്യുന്ന ഗോഡൗണുകളിൽ നിന്നു തന്നെ തട്ടിപ്പ് ആരംഭിക്കുകയാണ്. ഗോഡൗണുകളിൽ നീക്കി ബാക്കി, തൂക്ക ബാക്കി എന്ന പേരുകളിലായി 100 കിലോ വിതരണം ചെയ്യുമ്പോൾ പത്തു കിലോ വരെ ഇടനിലക്കാർ തട്ടിയെടുക്കും. ഇതിനായി എല്ലാ റേഷൻ കടകളിലും ഇലക്‌ട്രോണിക് ത്രാസ് സംവിധാനം ഏർപ്പെടുത്തേണ്ടി വരും. 90 ശതമാനം റേഷൻ കടകളും നിലവിൽ ഇലക്‌ട്രോണിക് ത്രാസ് തന്നെ ഉപയോഗിക്കുന്നതിനാൽ അധിക ചെലവാകില്ലെന്നാണ് പ്രതീക്ഷ.
പുതിയ കാർഡിനായി അരലക്ഷം പേർ
റേഷൻ കാർഡ് പുതുക്കൽ പൂർത്തിയായതിനു ശേഷം പുതിയ കാർഡിനായി അപേക്ഷ നൽകിയത് അരലക്ഷം പേർ. നാലു വർഷത്തിനു ശേഷമാണ് പുതിയ റേഷൻ കാർഡിനും, കാർഡിൽ പേര് ചേർക്കുന്നതിനുമുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. പുതിയ റേഷൻ കാർഡിനു ബുധനാഴ്ചകൾ തോറും സപ്ലൈ ഓഫീസുകൾ കേന്ദ്രീകരിച്ച് അപേക്ഷ നൽകാം. എന്നാൽ, അപേക്ഷകൾ വർദ്ധിച്ചിട്ടും പുതിയ കാർഡ‌് എന്നു മുതൽ നൽകിത്തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കുന്നില്ല. അക്ഷയ കേന്ദ്രങ്ങൾ വഴിയും, സപ്ലൈ ഓഫീസുകൾ വഴിയും ഇപ്പോഴും അപേക്ഷകൾ നൽകാം. എന്നാൽ, നിലവിൽ ഇതുവരെ ലഭിച്ച അപേക്ഷകളിൽ പകുതി പോലും കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ല. പ്രളയ ദുരിതാശ്വാസത്തിനും, ലൈഫ് പദ്ധതിയിൽ വീട് വയ്‌ക്കുന്നതിനും റേഷൻ കാർഡ് നിർബന്ധമാണെന്നിരിക്കെയാണ് പുതിയ റേഷൻ കാർഡ് വിതരണ നടപടികൾ വൈകുന്നത്.