കോട്ടയം: നഗരത്തിലെ മാലിന്യം നാഗമ്പടം നഗരസഭാ മൈതാനത്ത് കുഴിച്ച് മൂടുമ്പോഴും സമീപത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച തുമ്പൂർമൂഴി മോഡൽ സംസ്കരണ കേന്ദ്രം നോക്കുകുത്തിയാകുന്നു. സംസ്കരണ കേന്ദ്രം തുറക്കാതെ മാലിന്യം കുഴിച്ചുമൂടുന്നതിനെതിരെ പ്രതിഷേധവും ശക്തമാണ്.
വടവാതൂരിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചു പൂട്ടിയതിന് ശേഷം ഉറവിട മാലിന്യ സംസ്‌കരണമടക്കം പല പദ്ധതികളും ആവിഷ്‌കരിച്ച് പരാജയപ്പെട്ടപ്പോഴാണ് 70 ലക്ഷം രൂപ ചെലവിൽ നഗരസഭാ പരിധിയിൽ 25 കേന്ദ്രങ്ങളിലായി 108 ബിന്നുകൾ സ്ഥാപിച്ചത്. നാഗമ്പടം മൈതാനത്ത് ബിന്നുകൾ സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും പ്രവർത്തിപ്പിക്കാൻ നടപടികളായില്ല. വെള്ളക്കെട്ടുള്ളതിനാലാണ് സംസ്കരണ കേന്ദ്രം തുറക്കാത്തതെന്നാണ് നഗരസഭയുടെ വിശദീകരണം. എന്നാൽ ഇപ്പോൾ ഇവിടെ വെള്ളക്കെട്ടില്ല.
2 ഷെഡ്ഡുകൾ 30 ബിന്നുകൾ
രണ്ട് ഷെഡ്ഡുകളായി 30 ബിന്നുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്. പക്ഷേ, മാലിന്യം കുഴിച്ചേ മൂടൂവെന്ന ശാഠ്യത്തിലാണ് നഗരസഭ. മൈതാനത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടില്ല. കുഴിയെടുത്ത് ഇനംതിരിക്കാതെ പ്ലാസ്റ്റിക് അടക്കമുള്ളവ മൂടുകയാണ്. മൈതാനത്തിന്റെ ഒരു ഭാഗത്ത് വലിയ മാലിന്യ കൂമ്പാരവും മറ്റൊരു ഭാഗത്ത് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നുമുണ്ട്. മാലിന്യം പരസ്യമായി കത്തിക്കുന്നത് കുറ്റകരമാണെങ്കിലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിലാണ് നഗരസഭ.