കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി എത്തിയാൽ ഇനി ആരും വിശന്നു വലയേണ്ട. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി പദ്ധതിക്ക് തുടക്കമാകും.നഗരത്തിലെ 28 ഹോട്ടലുകളുടെ സഹകരണത്തോടെ കാഞ്ഞിരപ്പള്ളിയിലെ നവമാധ്യമ കൂട്ടായ്മയായ സോഷ്യൽ ആക്ടീവ്ഫ്രണ്ടസും കേരള ഹോട്ടൽ ആന്റ് റസറ്റോറന്റ് അസോസിയേഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.ഭക്ഷണം ആവശ്യമുള്ളവർക്ക് സഹായവുമായി നഗരത്തിലെ നാലുഭാഗങ്ങളിൽ പ്രത്യേക കൗണ്ടറുകൾ സ്ഥാപിക്കും. ഇവിടെ നിന്നും കൂപ്പൺ കൈപ്പറ്റി നിശ്ചിത ഹോട്ടലുകളിലെത്തി ഭക്ഷണം കഴിക്കാം. ഇതുകൂടാതെ സാഫ് വാളണ്ടിയർമാർ കണ്ടെത്തുന്ന അർഹരായവർക്കും ഭക്ഷണം നൽകും.കാഞ്ഞിരപ്പള്ളി ടൗൺ ഉൾപ്പെടുന്ന എട്ടാം വാർഡിനെ പ്രതിനിധീകരിക്കുന്ന ഗ്രാമപഞ്ചായത്തംഗം എം.എ.റിബിൻഷായാണ് പദ്ധതിയുടെ ഉപജ്ഞാതാവ്. റിബിൻഷായുടെ ആശയത്തെ പിന്തുണച്ച് സാഫ് വോളിയർമാരായ ഷാജി വലിയകുന്നത്ത്, റിയാസ് കാൾടെക്‌സ്, ബാബു പൂതക്കുഴി, അൻഷാദ് ഇസ്മായിൽ, വിപിൻ രാജു എന്നിവർ രംഗത്തെത്തിയതോടെയാണ് പദ്ധതി യാഥാർഥ്യമായത്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സഹായം തേടി ഭാരവാഹികളായ ഷെരീഫ് തൗഫീഖ്, അയൂബ് ഓൾ ഇൻ വൺ, ഷാഹുൽ ഹമീദ് ആപ്പിൾ ബീ, സുനിൽ സീബ്ലു എന്നിവരെ സമീപിച്ച സാഫ് വാളണ്ടിയർമാർക്ക് പ്രതീക്ഷയിൽ കവിഞ്ഞ പിന്തുണയാണ് ലഭിച്ചത്.