എൻഎസ്.എസിന് നാളെ 105 വയസ് തികയുന്നു. പെരുന്ന മന്നം സമാധി മണ്ഡപത്തിന് സമീപം സമുദായാചാര്യൻ മന്നത്തു പത്മനാഭനും പതിമൂന്ന് പ്രവർത്തകരും ചേർന്നു സംഘടനയ്ക്ക് രൂപം നൽകിയപ്പോൾ ചൊല്ലിയ പ്രതിജ്ഞ ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ചൊല്ലും. എല്ലാ താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും ഇതേ സമയം പതാക ഉയർത്തലും പ്രതിജ്ഞ പുതുക്കലും നടക്കും.
അവഗണനയ്ക്കെതിരെ സമുദായാചാര്യൻ മന്നത്തു പത്മനാഭൻ നടത്തിയ പോരാട്ടമായിരുന്നു എൻ.എസ്.എസ് എന്ന സംഘടനയുടെ രൂപീകരണത്തിൽ എത്തിയത്.നായർ-ക്രിസ്ത്യൻ സമുദായങ്ങൾ സഹകരിച്ചായിരുന്നു മഹാരാജാവിന്റ തിരുനാൾ ചങ്ങനാശ്ശേരിയിൽ ആഘോഷിച്ചിരുന്നത്.1913ലെ തിരുനാൾ സമ്മേളനത്തിൽ നായർ പ്രതിനിധിയായി അദ്ധ്യക്ഷ സ്ഥാനം വഹിക്കേണ്ടിയിരുന്ന കൈനിക്കര കുമാരപിള്ളയെ തഴഞ്ഞ് പകരം ഒരു വികാരിയെ അദ്ധ്യക്ഷനാക്കിയതിൽ മന്നം പ്രതിഷേധിച്ചു.നായർ സമുദായാംഗങ്ങൾ പ്രത്യേകമായി തിരുനാളാഘോഷിക്കുമെന്ന് പ്രഖ്യാപിച്ചു. ആ വർഷം വിജയ ദശമി നാളിൽ ചങ്ങനാശ്ശേരി താലൂക്കടിസ്ഥാനത്തിൽ രൂപീകരിച്ച നായർ സമാജമാണ് നായർ ഭൃത്യജനസംഘമായും പിന്നീട് നായർ സർവീസ് സൊസൈറ്റിയായും മാറിയത്.അവഗണനയ്ക്കെതിരായ ഉയിർത്തെഴുന്നേല്പിനു നേതൃത്വം നൽകിയ മന്നം .എൻ.എസ്.എസിന്റെ പര്യായമായി മാറിയതും അതുകൊണ്ടാണ്.
1914 ഒക്ടോബർ 31ന് പെരുന്ന മന്നത്ത് ഭവനത്തിൽ മന്നത്തിന്റെ മാതാവ് പാർവതിയമ്മ കൊളുത്തിയ നിലവിളക്കിനു മുന്നിൽ നിന്ന് 14 നായർ യുവാക്കൾ ചേർന്ന് ഒരു പ്രതിജ്ഞയെടുത്തു. "ഞാൻ നായർ സമുദായ ഉന്നതിക്കായി നിരന്തരം ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്യും .അങ്ങനെയുള്ള ശ്രമങ്ങളിൽ ഇതര സമുദായങ്ങൾക്ക് ക്ഷോഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല.ഈ ഉദ്ദേശ്യങ്ങളെ മുൻ നിർത്തിയും ഉദ്ദേശ്യ സാധ്യത്തിനു വേണ്ട ന്യായമായ കരുതലോടു കൂടിയും ഞാൻ ജീവിച്ചു കൊള്ളാം.സത്യം ,സത്യം,സത്യം" .പിൽകാലത്ത് എൻ.എസ്.എസായി മാറിയ നായർ ഭൃത്യജനസംഘം പിറവിയെടുത്തത് അങ്ങനെയായിരുന്നു. സ്ഥാപകാംഗങ്ങളായ 14 പേർ നൽകിയ 194 രൂപയുടെ ആസ്തിയിൽ നിന്നുള്ള വളർച്ച ശതാബ്ദി പിന്നിടും മുമ്പേ 100 കോടി കഴിഞ്ഞു. 6000 കരയോഗങ്ങൾ ,സ്കൂളുകൾ ,കോളേജുകൾ,ഹോമിയോ മെഡിക്കൽ കോളേജ്, ആശുപത്രികൾ, തോട്ടങ്ങൾ,ഗസ്റ്റ് ഹൗസുകൾ,വർക്കിംഗ് വിമെൻസ് കോളേജുകൾ,വ്യവസായ യൂണിറ്റുകൾ തുടങ്ങി സ്ഥാപനങ്ങളുടെ നിര നീളുകയാണ്. 23രൂപ 13 അണ വരവും 25 രൂപ 15 അണ ചെലവുമായുള്ള കമ്മി ബഡ്ജറ്റിൽ നിന്നായിരുന്നു ഇന്ന് നൂറ് കോടി കടന്ന വളർച്ച. ശതാബ്ദി പിന്നിട്ട എൻ.എസ്.എസിന്റെ വളർച്ചയ്ക്ക് അടിസ്ഥാന ശില പാകിയത് മന്നമായിരുന്നു.ആ ശിലയിൽ നിന്നാണ് എൻ.എസ്.എസ് കേരളത്തിൽ ആർക്കും അവഗണിക്കാനാവാത്ത ശക്തിയായി ഇന്ന് വളർന്ന് പന്തലിച്ചു നില്ക്കുന്നത്..
'കരയുന്നവന് ജീവിക്കാനുള്ള ലോകമല്ലിത് ,പൗരുഷത്തോടുകൂടി കാര്യം പറയുന്ന ധൈര്യശാലികൾക്ക് മാത്രമേ ഇവിടെ ജീവിക്കാൻ മാർഗമുള്ളൂ" എന്ന, മന്നത്തിന്റെ വാക്കുകൾ നടപ്പാക്കാനാണ് എൻ.എസ്.എസ് നാളിതുവരെ ശ്രമിച്ചിട്ടുള്ളത്. എവിടെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥതയും ആത്മവിശ്വാസവും കാണുന്നുണ്ടോ അവിടെ വിജയമുണ്ട്.അതില്ലാത്തിടത്ത് എല്ലാം പരാജയമായിരിക്കും അതാണെന്റെ ഭഗവത്ഗീത എന്ന ആചാര്യന്റെ വാക്കുകൾ പിൻതുടർന്നാണ് എൻ.എസ്.എസ് കേരളത്തിൽ അവഗണിക്കാനാവാത്ത ശക്തിയായി നില്ക്കുന്നത് . ദീർഘ വീക്ഷണത്തോടെ വരുംതലമുറയ്ക്കായി മന്നം ഉണ്ടാക്കിയ തോട്ടങ്ങളിൽ നിന്നുള്ള ആദായമാണ് ഇന്ന് എൻ.എസ്.എസിന്റെ പ്രധാന വരുമാന സ്രോതസ്. എന്റെ ജീവിതം എന്റെ സന്ദേശം എന്ന പ്രഭാഷണത്തിൽ സമുദായാചാര്യൻ പറയുന്നു" എന്റെ അമ്മ കൊളുത്തിയ നിലവിളക്കിനു മുന്നിൽ നിന്നെടുത്ത പ്രതിജ്ഞയാണ് എന്നെ സമുദായ സേവനത്തിന് പ്രേരിപ്പിച്ചത്. അന്ന് എന്റെ എളിയ വീട്ടിൽ വച്ച് രൂപംകൊണ്ട ആ ചെറു സംഘടനയുടെ കാര്യദർശിയായതോടെ വ്യക്തിപരമായ ലാഭ നഷ്ടങ്ങൾ കണക്കാക്കാതെ പൊതുജന സേവനത്തിനായി ജീവിതം വിനിയോഗിക്കണമെന്ന ആശ എന്നിൽ അനുദിനം വളർന്നുവന്നു .
അന്ന് പെരുന്നയിൽ നിന്ന് കറുകച്ചാലിലേക്ക് പള്ളിക്കൂടമുണ്ടാക്കാൻ പുറപ്പെട്ടപ്പോൾ ഇങ്ങനെ ഒരു ഭാവി സർവീസ് സൊസൈറ്റിക്ക് ഉണ്ടാവുമെന്ന് സങ്കല്പിക്കുകപോലും ചെയ്തില്ല.ഞങ്ങളുടെ ഈ ചെറിയ സംഘടന കേരളചരിത്രത്തിൽ ഒരിക്കലും മായാത്ത മഹത്തായ ഒരദ്ധ്യായം എഴുതിചേർക്കുമെന്ന് സ്വപ്നം കാണുക പോലും ചെയ്തില്ല. ഈശ്വരാനുഗ്രഹത്താലും സേവന സന്നദ്ധരായ സുഹൃത്തുക്കളുടെ പരിശ്രമഫലമായും ഇതൊക്കെ കൈവന്നു . ഞാൻ കേവലം നിമിത്തം മാത്രം . വിദ്യകൊണ്ടു പ്രബുദ്ധരാകുക സംഘടന കൊണ്ടു ശക്തരാകുക എന്ന ഗുരുദേവ സന്ദേശം മന്നം യാഥാർത്ഥ്യമാക്കിയെന്നതാണ് കർമനിരതമായ ആ ജീവിതം തെളിയിക്കുന്നത്.അദ്ദേഹം സ്ഥാപിച്ച കോളേജുകളും പള്ളിക്കുടങ്ങളുമാണ് ശാശ്വത സ്മാരകങ്ങളായി നിലനില്ക്കുന്നത്.
പൊതുവിദ്യാഭ്യാസ വളർച്ച മുൻനിറുത്തി മന്നം സ്ഥാപിച്ച സരസ്വതിമന്ദിരങ്ങൾ ഇന്നും സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടെ ആശ്രയ കേന്ദ്രമാണ്. മന്നത്തുപത്മനാഭൻ എന്ന മൂലധനത്തിൽ നിന്നു ഊർജം ഉൾക്കൊണ്ടു വളർന്ന എൻ.എസ്.എസിനെ രാഷ്ട്രീയ ശക്തിയാക്കിയതും മന്നമായിരുന്നു