തട്ടാവേലി പാലത്തിന്റെ അപ്രോച്ച് റോഡിന് വീതി കൂട്ടണമെന്നാവശ്യം
തലയോലപ്പറമ്പ്: ജനകീയ പാലം, പക്ഷേ യാത്രക്കാർ പെട്ടുപോകുമെന്ന് വെച്ചാൽ. കേരളത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ പാലമായ തട്ടാവേലി പാലത്തിന്റെ ഇടുങ്ങിയ അപ്രോച്ച് റോഡ് ഇപ്പോൾ യാത്രക്കാരെ വലയ്ക്കുകയാണ്.തൊണ്ണൂറുകളുടെ അവസാനമാണ് വെള്ളൂർ - മറവന്തുരുത്ത് പഞ്ചായത്തുകളെ ബന്ധിപ്പിച്ച്, മൂവാറ്റുപുഴയാറിന് കുറുകെ തട്ടാവേലിയിൽ, ജനപ്രതിനിധികളും ജനങ്ങളും മുന്നിട്ടിറങ്ങി പാലം നിർമ്മിക്കുന്നത്. 142 മീറ്റർ നീളത്തിലും 8 മീറ്റർ വീതിയിലുമാണ് പാലം പൂർത്തിയായത്. പാലം നിർമ്മാണത്തിന് വെള്ളൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി 44 ലക്ഷം രൂപ നൽകി. ബാക്കി തുക പ്രദേശവാസികളിൽ നിന്നും സമാഹരിച്ച് ഒരു കോടി ഏഴ് ലക്ഷം രൂപയ്ക്കാണ് തട്ടാവേലി ജനകീയപാലം പൂർത്തിയാക്കിയത്. പാലത്തിന്റെ ഇരുകരകളിലും അപ്രോച്ച് റോഡിന് മതിയായ വീതിയില്ലാത്തത് അന്നേ പ്രശ്നമായിരുന്നു. വെള്ളൂർ പഞ്ചായത്തിന്റെ ഭാഗത്ത് അപ്രോച്ച് റോഡ് അത്യാവശ്യം വീതി കൂട്ടി. മറവന്തുരുത്ത് പഞ്ചായത്തിലെ ടോൾ - പാലാംകടവ് റോഡിലേക്കാണ് പാലത്തിന്റെ മറുവശത്തെ അപ്രോച്ച് റോഡ് ചെന്ന് ചേരുക. ഇവിടെ അപ്രോച്ച് റോഡിന് ഇപ്പോഴും വീതി കുറവാണ്.
ആ 200 മീറ്റർ
200 മീറ്ററോളം വരുന്ന അപ്രോച്ച് റോഡിലൂടെ ഒരേസമയം ഇരുവശങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. തലപ്പാറ - നീർപ്പാറ റോഡിൽ ഗതാഗതതടസം നേരിടുമ്പോൾ എറണാകുളം ഭാഗത്തേക്കും അവിടെ നിന്നും തിരികെ തലയോലപ്പറമ്പിലേക്കും വരുന്ന സർവീസ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തട്ടാവേലിപ്പാലം വഴിയാണ് കടത്തിവിടുന്നത്. അപ്രോച്ച് റോഡിന് വീതികൂട്ടാൻ റോഡിന് ഇരുവശത്തുമുള്ള സ്ഥലങ്ങൾ ഏറ്റെടുക്കുകയും വേണം.