നെടുംകുന്നം: വേനൽക്കാലത്ത് കടുത്ത വരൾച്ച നേരിടുന്ന നെടുംകുന്നം പഞ്ചായത്തിലെ മനക്കര ഭാഗത്ത് ശുദ്ധജല വിതരണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ലോകബാങ്കിന്റെ സഹായത്തോടെ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 17,800 ലിറ്റർ ടാങ്കിന്റെ പ്രവർത്തനോദ്ഘാടനം ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹിച്ചു. 78 കുടുംബങ്ങൾക്ക് പദ്ധതി പ്രകാരം ശുദ്ധജലമെത്തിക്കും. സർക്കാർ വിഹിതമായ 41,71,750 രൂപയും പഞ്ചായത്ത് വിഹിതമായ 7,91,250 രൂപയും ഗുണഭോക്തൃ വിഹിതമായ 3,06,000 രൂപയും ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. ഒരു മാസം വീടൊന്നിന് 12,000 ലിറ്റർ വെള്ളം ലഭിക്കും. മനക്കരയിലെ രണ്ടാമത്തെ ശുദ്ധജല വിതരണ പദ്ധതിയാണിത്. ആഗസ്തിൽ പ്രവർത്തനം ആരംഭിച്ച ഡോ.കലാം ശുദ്ധജല വിതരണ പദ്ധതി പ്രകാരം 55 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയ്ക്കാവശ്യമായ കുളം നിർമ്മാണത്തിന് സ്ഥലം നൽകിയ സേവ്യർ കെ.ഇ, ടാങ്ക് നിർമ്മാണത്തിന് സ്ഥലം നൽകിയ സ്‌ക്കറിയ ചെറിയാൻ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ പി ബാലഗോപാലൻ നായർ, സിനി ആർട്ടിസ്റ്റ് പ്രജീഷ് നന്ദൻ, വൈസ് പ്രസിഡന്റ് ഷൈലജകുമാരി, ബ്ലോക്ക് അംഗം രാജേഷ് കൈടാച്ചിറ, ജലനിധി ടെക്‌നിക്കൽ ഡയറക്ടർ ശ്രീജിത്ത് സി ആർ തുടങ്ങിയവർ പങ്കെടുത്തു.