കോട്ടയം: ആക്‌സിലൊടിഞ്ഞ് രണ്ടരമണിക്കൂർ ചെന്നൈ മെയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ കിടന്നതോടെ ഉച്ചവരെ കോട്ടയം വഴിയുള്ള ട്രെയിൻഗതാഗതം താറുമാറായി. ചെന്നൈ മെയിൽ കടന്ന് പോയിട്ടും, അഴിച്ചു മാറ്റിയ ബോഗി മൂന്നു മണിക്കൂർ കൂടി ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ കിടന്നതോടെ പിന്നാലെ എത്തിയ ട്രെയിനുകളും വൈകി. ചെന്നൈ മെയിലിന്റെ ജനറൽ കമ്പാർട്ട്‌മെൻ്റിന്റെ രണ്ടാമത്തെ ചക്രത്തിന്റെ ആക്‌സിലാണ് ഒടിഞ്ഞത്. ആക്‌സിൽ വിട്ടു പോയതോടെ, ചക്രം കറങ്ങുന്നത് പൂർണമായും നിന്നു. ട്രെയിൻ മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ പാളത്തിനും കേടുപാടുകൾ ഉണ്ടായേനെ. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടൻ അസ്വാഭാവികത തോന്നിയ ലോക്കോ പൈലറ്റ് പുറത്തിറങ്ങി നടത്തിയ പരിശോധനയിലാണ് പ്രശ്‌നം കണ്ടെത്തിയത്. ആക്‌സിലിന്റെ തകരാർ പരിഹരിച്ച ശേഷം ട്രെയിൻ യാത്ര തുടരാനായിരുന്നു ആദ്യം എൻജിനിയറിംഗ് വിഭാഗം തീരുമാനിച്ചത്. എന്നാൽ, ഒരു മണിക്കൂറോളം പരിശ്രമിച്ചിട്ടും തകരാർ പരിഹരിക്കാനായില്ല. തുടർന്ന് 11 ഓടെ ഈ ബോഗി മാറ്റിയിട്ട ശേഷം ട്രെയിൻ കടത്തിവിടാൻ തീരുമാനിച്ചു.
യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് റെയിൽവേ
വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ പിടിച്ചിട്ടതോടെ സ്ഥിരം യാത്രക്കാർ വലഞ്ഞു. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ കടത്തിവിടാമായിരുന്നിട്ടും ബംഗളൂരു - കന്യാകുമാരി എക്‌സ്‌പ്രസ് ഒരു മണിക്കൂറാണ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടത്. കുറുപ്പന്തറ മുതൽ ചിങ്ങവനം വരെയുള്ള 45 കിലോമീറ്റർ മാത്രമാണ് ഇനി പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകാനുള്ളത്. അതിനാൽ കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് ട്രെയിനുകളുടെ ക്രോസിംഗ് നടക്കുന്നത്. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ബോഗി കിടന്നതോടെ ട്രെയിനുകളെല്ലാം ചിങ്ങവനത്ത് ക്രോസിംഗ് നടത്തേണ്ടി വന്നു. ഇതോടെ പല ട്രെയിനുകളും അരമണിക്കൂറിലേറെ വൈകി.