കോട്ടയം: ശബരിമല വിഷയത്തിൽ പ്രവർത്തകരെ പൊലീസ് കള്ളക്കേസിൽ കുടുക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രവർത്തകർ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേയ്ക്ക് മാർച്ച് നടത്തും. രാവിലെ പത്തിന് തിരുനക്കരയിൽ നിന്നും ആരംഭിക്കുന്ന മാർച്ച് കെ.കെ റോഡിൽ ട്രാഫിക്‌ ഐലൻഡിനു മുന്നിൽ പൊലീസ് തടയും.

പരിപാടിയുടെ ഭാഗമായി നഗരത്തിൽ ഇന്ന് രാവിലെ പത്ത് മുതൽ പന്ത്രണ്ട് വരെ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

നിയന്ത്രങ്ങൾ ഇങ്ങനെ

പ്രകടനം കളക്‌ടറേറ്റിനു സമീപത്ത് എത്തും വരെ കഞ്ഞിക്കുഴിയിൽ നിന്നും വരുന്ന വാഹനങ്ങളെ കെ.കെ റോഡിലേയ്‌ക്ക് കടത്തി വിടില്ല. സ്വകാര്യ ബസുകൾ അടക്കമുള്ള വാഹനങ്ങൾ കളക്‌ടറേറ്റിനു മുന്നിലെ ട്രാഫിക് ഐലൻഡ് ചുറ്റി, ലോഗോസ് ജംഗ്ഷനിൽ എത്തി റെയിൽവേ സ്റ്റേഷൻ റോഡ് വഴി നാഗമ്പടം സ്റ്റാൻഡിലേയ്‌ക്ക് പോകണം. നഗരത്തിൽ നിന്നു വരുന്ന വാഹനങ്ങൾ ശാസ്ത്രിറോഡ് പരേഡ് മൈതാനം വഴി ഈസ്റ്റ് പൊലീസ് സ്റ്റേഷൻ വഴി കഞ്ഞിക്കുഴിയിലേയ്‌ക്ക് പോകണം.

മാർച്ച് കളക്‌ടറേറ്റിൽ എത്തുമ്പോൾ കഞ്ഞിക്കുഴിയിൽ നിന്നും വരുന്ന വാഹനങ്ങൾ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ചുറ്റി പൊലീസ് ക്ലബ് വഴി നഗരത്തിലേയ്ക്ക് പോകണം. ശാസ്ത്രി റോഡ് വഴി വരുന്ന വാഹനങ്ങൾ റബർ ബോ‌ർഡ് റോഡ് വഴി കഞ്ഞിക്കുഴിയിലേയ്ക്ക് പോകണം.