കോട്ടയം: നഗരമദ്ധ്യത്തിൽ വാഹനപരിശോധയ്‌ക്കെത്തിയ പൊലീസുകാരൻ മദ്യപിച്ചിരുന്നതായുള്ള നാട്ടുകാരുടെ ആരോപണത്തെ തുടർന്ന് സംഘർഷം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ വാഹന പരിശോധന നടത്തുകയായിരുന്ന കൺട്രോൾ റൂം വാഹനത്തിന്റെ ഡ്രൈവർ അജിത്തിനെതിരെയാണ് ആരോപണം ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ പൊലീസെത്തി അജിത്തിനെ കസ്റ്റഡിയിൽ എടുത്തു. ഡ്യൂട്ടിയിൽ നിന്നും മാറ്റി നിറുത്തിയ ഇയാൾക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും. ഇന്നലെ രാത്രി ഒൻപതരയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു സംഭവം. ഇതുവഴിയെത്തിയ പ്രദേശത്തെ കടയുടയമയുടെ മകനെ തടഞ്ഞു നിറുത്തി ഊതിച്ചു. ഇതിനിടയിലാണ് പൊലീസുകാരൻ മദ്യപിച്ചതായി ഇയാൾ സംശയം പ്രകടിപ്പിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ ഒരു സംഘം ഡിവൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്ത് എത്തി. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം തുടരുന്നതിനിടെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസ് എത്തി ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. കൺട്രോൾ റൂം എ.എസ്.ഐയും ഡ്യൂട്ടിയ്‌ക്കിടെ മദ്യപിച്ചിരുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.