മണിമല: ദുരിതത്തിന് ഒടുവിൽ അറുതിയായി. മണിമല ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽപെട്ട പുലിക്കല്ല് പുളിയ്ക്കൽപടി ഭാഗത്തെ 25 നിർദ്ധന കുടുംബങ്ങളുടെ ചിരകാല സ്വപ്‌നമായിരുന്ന പുളിയ്ക്കൽപടി കുടിവെള്ളപദ്ധതി യാഥാർത്ഥ്യമായി. വർഷങ്ങളായി ദുരിതം അനുഭവിച്ചിരുന്ന ഇവിടുത്തെ കുടുംബങ്ങൾ തലച്ചുമടായാണ് കുടിവെള്ളം എത്തിച്ചിരുന്നത്.കോട്ടയം ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭൂജലവകുപ്പ് മുഖേന 5 ലക്ഷം രൂപ ചെലവഴിച്ച് പുലിക്കല്ല് ഭാഗത്ത് പഞ്ചായത്ത് റോഡ് സൈഡിൽ കുഴൽകിണർ നിർമ്മിച്ചിരുന്നു. കുഴൽകിണറിനോട് ചേർന്ന് പമ്പ്ഹൗസ്, മോട്ടറും സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ ലഭ്യമാക്കി.സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് ടാങ്കും സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പദ്ധതി ഉദ്ഘാടനം ചെയ്‌തു. മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിതാ ഷാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ 13ാം വാർഡ് മെമ്പർ സാബു തേക്കനാൽ, വാസന്തി പി.കെ. പുലിക്കല്ല്, കെ.ജെ. ചാക്കോ മെമ്മോറിയൽ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്നമ്മ എം., കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് കെ.എസ്. ജോസഫ് കുറുപ്പംപറമ്പിൽ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ തങ്കമ്മ സുരേന്ദ്രൻ, ബി. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ വച്ച് പദ്ധതിക്കുവേണ്ടി സൗജന്യമായി സ്ഥലം നൽകിയ സോമശേഖരൻ നായർ പുളിയ്ക്കൽ, ജോസ് പാണ്ടിമാക്കൽ എന്നിവരെ ജില്ലാപഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആദരിച്ചു. പദ്ധതിയുടെ തുടർനടത്തിപ്പിനും ജലവിതരണത്തിനുമായി ബാബു വർഗീസ് പുളിമൂട്ടിൽ പ്രസിഡന്റായും, ശ്രീധരൻ വി.ആർ. വെള്ളക്കല്ലേൽ സെക്രട്ടറിയായും ജലവിതരണ സൊസൈറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.