അയർക്കുന്നം: ആറുമാനൂരുകാർക്ക് രക്ഷകരാകാൻ ബോട്ടെത്തി. കഴിഞ്ഞ പ്രളയത്തിൽ പൂർണമായും ഒറ്റപ്പെട്ട ആറുമാനുരുകാരുടെ സുരക്ഷക്കായി മഹാത്മ യുവജനക്ഷേമ സംഘം പ്രവർത്തകരാണ് എൻജിൻ ഘടിപ്പിച്ച ബോട്ട് എത്തിച്ചത്. ആലപ്പുഴ വണ്ടാനത്ത് നിന്ന് മത്സ്യഫെഡ് മാനേജരുടെ സഹായത്താലാണ് എൻജിൻ സംഘടിപ്പിച്ചത്. ഹരിപ്പാടിനടുത്ത് ആയാപറമ്പിലുള്ള അജയകുമാർ ബോട്ട് നിർമ്മിച്ചു നൽകി. പരീക്ഷണ യാത്ര അച്ചൻകോവിലാറ്റിൽ നടത്തിയതിന് ശേഷം അവസാനഘട്ട മിനുക്കുപണികൾ പൂർത്തിയാക്കി ആറുമാനൂരിൽ എത്തിച്ചു. ആറുമാനൂരിന്റെ തീരാദുരിതത്തിന് പരിഹാരമായി ഒരു ബോട്ട് വേണമെന്ന ആവശ്യവുമായി ജനപ്രതിനിധി ജോയിസ് കൊറ്റത്തിൽ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടതോടെ നാട്ടിലെ യുവജന സംഘടനാപ്രവർത്തകർ പദ്ധതി ഏറ്റെടുക്കുകയായിരുന്നു. വെള്ളപ്പൊക്കസമയത്ത് ബോട്ടിൽ പ്രദേശവാസികൾക്ക് ക്യാമ്പുകളിലേക്ക് മാറാം.ആറിന്റെ കരയിൽ താമസിക്കുന്ന കുന്നത്തൂർ പ്രദേശവാസികൾ ഹർഷാരവത്തോടെയാണ് ബോട്ടിനെ സ്വീകരിച്ചത്. ഒരേസമയം പതിനഞ്ചോളം ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയും.
എന്നും നരകജീവിതം
മീനച്ചിലാർ കരകവിഞ്ഞാൽ ആറുമാനൂർ പ്രദേശം പൂർണമായും വെള്ളത്തിനടിയിലാകും. ശക്തമായ അടിയൊഴുക്ക് മൂലം രക്ഷാപ്രവർത്തകർക്ക് പോലും ഈ വഴിയെത്താൻ കഴിയില്ല. കഴിഞ്ഞ പ്രളയത്തിൽ ആറുമാനുരുകാർക്ക് രക്ഷയായത് നാല് പേർക്ക് മാത്രം കയറാവുന്ന ചെറിയ ഫൈബർ വള്ളമായിരുന്നു. കൂടാതെ വാഴപിണ്ടി ചങ്ങാടവും, ചെമ്പും ഒക്കെയായിരുന്നു രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നത്.