കോട്ടയം: പൊതുസ്ഥലത്തെ ഫ്ലക്സുകളും ബോർഡുകളും നീക്കം ചെയ്യാൻ ഹൈക്കോടതി നിർ‌ദ്ദേശിച്ച സമയപരിധി ഇന്നലെ അവസാനിച്ചിട്ടും നഗരത്തിലും നാട്ടിൻപുറങ്ങളിലും ഇനിയും ബാക്കി.

ബോർഡുകൾ വയ്ക്കുന്നത് ശിക്ഷാർഹമെന്ന നഗരസഭാ സെക്രട്ടറിയുടെ അറിയിപ്പ് മറച്ചാണ് തിരുനക്കര സെൻട്രൽ ജംഗ്ഷനിൽ എസ്.എഫ്.ഐ ദേശീയ സമ്മേളനത്തിന്റെ ബോർഡ് കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. ഇത് ഇനിയും മാറ്റിയിട്ടില്ല. പ്രധാന റോഡുകളിൽ പലയിടത്തും ഇതു പോലെ ബോർഡുകൾ ശേഷിക്കുന്നുണ്ട്. ഫയർഫോഴ്സ് മേഖലാ സമ്മേളന ബോർഡ് വയസ്ക്കര ഫയർഫോഴ്സ് ഓഫീസിനോട് ചേർന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നിരവധി ഓഫീസുകളും, വെറ്ററിനറി ഓഫീസ്, ജില്ലാ ആയുർവ്വേദാശുപത്രി . ഗവൺമെന്റ് സ്കൂൾ തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളുള്ള ഇവിടെ ഫ്ലക്സുകളുടെ നീണ്ട നിരയാണ്.വെറ്ററിനറി ജീവനക്കാരുടെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ഫ്ലക്സും ഇവിടെ ഉയർത്തിയിട്ടുണ്ട്.

സ്വകാര്യ വസ്തുവിൽ മാത്രമേ ബോർഡുകൾ വയ്ക്കാൻ ഹൈക്കോടതിയുടെ അനുവാദമുള്ളൂ. ഹോർഡിംഗുകളും മറ്റും നേരത്തേ നഗരസഭകൾ ലേലം ചെയ്തു കൊടുക്കുകയായിരുന്നു .ഇതിനുള്ള അനുവാാദം എടുത്തു കളഞ്ഞതോടെ ഈ ഇനത്തിൽ നഗരസഭയ്ക്കുണ്ടായിരുന്ന വരുമാനവും ഇല്ലാതായി .സിനിമ തിയേറ്ററുകളിൽ വിനോദ നികുതി ഇനത്തിലെ വരുമാനവും ജി.എസ്.ടി കൊണ്ടു പോയതോടെ നഗരസഭകൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഫുട്പാത്തിലും മറ്റും വച്ച ബോർഡുകൾ വഴിയാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു, കാഴ്ച മറയ്ക്കുന്നതിനാൽ വാഹനാപകടങ്ങൾക്കു വഴിവയ്ക്കുന്നു തുടങ്ങിയ പരാതികളെ തുടർന്നാണ് പൊതു സ്ഥലത്തെ മുഴുവൻ ഫ്ലക്സുകൾ നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

ഇന്നു കണക്കെടുക്കും

കോട്ടയം ജില്ലയിലെ ആറു നഗരസഭകളിലും 72 പഞ്ചായത്തുകളിലുമായി രണ്ടായിരത്തോളം ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാനുണ്ടെന്നാണ് ഏകദേശ കണക്ക്. നൂറോളം ബോർഡുകൾ കോട്ടയം നഗരസഭയിലുണ്ട്. ചിലർ സ്വമേധയാ മാറ്റുന്നുണ്ട്. കൃത്യമായ കണക്കെടുപ്പ് ഇന്നുണ്ടാകുമെന്ന് നഗരസഭാദ്ധ്യക്ഷ ഡോ..പി.ആർ.സോന പറഞ്ഞു. കോടതി അലക്ഷ്യ നടപടികൾക്ക് പഞ്ചായത്തു സെക്രട്ടറിമാർ ഉത്തരവാദികളാകുമെന്ന മുന്നറിയിപ്പിനെതുടർന്ന് പലയിടത്തും ബോർഡുകൾ നീക്കാനുള്ള ശ്രമം ഊർജിതമായിട്ടുണ്ട്.