തലയോലപ്പറമ്പ്: കരിയാറിലും എഴുമാംകായലിലും മുണ്ടാർ പ്രദേശത്തും പ്രളയത്തിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കൂടുകളും ഉൾപ്പടെയുള്ള മാലിന്യങ്ങൾ വനിതകൾ ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. 50 വള്ളങ്ങളിലായി 120 ഓളം വനിതകളാണ് ഈ സന്നദ്ധ പ്രവർത്തനത്തിൽ പങ്കെടുത്തത്. വെട്ടിമുകൾ അർച്ചന വിമൻസ് സെന്റർ യൂണിറ്റിന്റെയും നെടുങ്കണ്ടം ഗ്രാമ്യ വിനോദ സഞ്ചാര സന്നദ്ധ സംഘടനയുടേയും സഹകരണത്തോടെയായിരുന്നു മാലിന്യശേഖരണം . ചാക്കുകളിൽ നിറച്ച പ്ലാസ്റ്റിക് മാലിന്യം കാഞ്ഞിരത്താനത്തേയും ഞീഴൂരിലേയും പ്ലാസ്റ്റിക് സംസ്ക്കരണ കേന്ദ്രങ്ങൾക്ക് കൈമാറി.
വെള്ളപ്പൊക്കത്തിൽ വൈക്കം താലൂക്കിൽ ഏറ്റവും കൂടുതൽ മാലിന്യങ്ങൾ വന്നടിഞ്ഞത് മുണ്ടാറിലാണ്. മുണ്ടാറിലെ കടവ് ഭാഗത്ത് അർച്ചന വിമൻസ് സെന്റർ മാനേജിംഗ് ഡയറക്ടർ സിസ്റ്റർ ത്രേസ്യായുടെ അദ്ധ്യക്ഷതയിൽ നടന്ന മാലിന്യശേഖരണത്തിന്റെ ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മചന്ദ്രൻ നിർവ്വഹിച്ചു. ഗ്രാമ്യ വിനോദ സഞ്ചാര സന്നദ്ധ സംഘടന ഭാരവാഹി അനു സണ്ണി, അർച്ചന വിമൻസ് സെൻറർ കോ-ഓർഡിനേറ്റർ ഷൈനി, പി.ജി ത്രിഗുണസെൻ, ബേബി നീരാളത്തിൽ, പി.ജി.വാസുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.