പാലാ: ''ഞങ്ങൾക്ക് അനുമോദനങ്ങളോ പ്രോത്സാഹനങ്ങളോ ലഭിക്കാറില്ല, ആകെയുള്ളത് മനസുഖം മാത്രമാണ് !. ഈ വാക്കുകൾ പാലായിലെ ഒരു പറ്റം കായികതാരങ്ങളുടേതാണ്. മാസ്റ്റേഴ്‌സ് നീന്തൽ മത്സരങ്ങളിൽ വെന്നിക്കൊടി പാറിച്ചവരാണ് നീന്തൽകുളത്തിലെ ഈ സുവർണ്ണതാരങ്ങൾ.
2010 ലാണ് മാസ്റ്റേഴ്‌സ് നീന്തൽ മത്സരങ്ങൾ കേരളത്തിലാരംഭിച്ചത്. 100 വയസിൽ താഴെയുള്ള ഏത് പ്രായക്കാർക്കും മാസ്റ്റേഴ്‌സ് നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കാം. മാസ്റ്റേഴ്‌സ് നീന്തലിൽ 36 പേരാണ് പാലായിൽ നിന്നും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തത് . ദേശീയ തലത്തിലും മികവ് ആവർത്തിച്ചു. നിരവധി നീന്തൽ താരങ്ങളെ കേരളത്തിന് സംഭാവന ചെയ്ത പാലാ തോപ്പൻസ് കുടുംബാംഗവും എം.ജി. സർവകലാശാല നീന്തൽ പരിശീലകനുമായിരുന്ന തോമസ് ടി.ജെ യുടെ ശിക്ഷണത്തിലാണ് 36 പേരും മത്സരത്തിനിറങ്ങിയത്. ഇവരിൽ 78 വയസുള്ള പ്രൊഫ. സെബാസ്റ്റ്യൻ കദളിക്കാട്ടിലായിരുന്നു സൂപ്പർ ഹീറോ.
പ്രതിഫലം ആഗ്രഹിച്ചല്ല ഇവർ മത്സരങ്ങളിൽ പങ്കെടുത്തത്. ചിലർക്ക് ജോലിയ്ക്കിടയിലെ സമ്മർദ്ദത്തിനിടയിൽ ഒരു റിലാക്‌സേഷൻ, മറ്റു ചിലർക്ക് റിട്ടയർമെന്റ് കഴിഞ്ഞുള്ള വിശ്രമജീവിതത്തിനിടയിൽ വാർദ്ധക്യത്തിൽ നിന്നൊരു മോചനം. എല്ലാവരുടേയും ആഗ്രഹങ്ങൾക്ക് ഇവിടെ സാഫല്യം. വാർദ്ധക്യകാലത്തെ വില്ലൻമാരായ പ്രമേഹവും കൊളസ്‌ട്രോളുമൊന്നും തങ്ങളുടെ പരിസരത്തുപോലുമില്ലെന്ന ആശ്വാസം.നീന്തൽകുളത്തിൽ സ്വർണ്ണകൊയ്ത്ത് നടത്തുമ്പോൾ സർക്കാരിൽ നിന്ന് യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കുന്നില്ല. മത്സരങ്ങൾക്ക് പോകുമ്പോൾ യാത്രാചെലവ് പോലും ലഭിക്കാറില്ല.പക്ഷേ പരിഭവമില്ല, എന്നാൽ നാടിന്റെ പിന്തുണ അത് അവർ പ്രതീക്ഷിക്കുന്നു. അതൊരു ഊർജ്ജമാണ്, ഇനിയും വിജയങ്ങൾ കൈയെത്തിപ്പിടിക്കാൻ....