കോട്ടയം: കാണാതായ യുവാവിനെ എം.ജി. സർവകലാശാല കോമ്പൗണ്ടിൽ വി.സിയുടെ കോർട്ടേഴ്സിന് സമീപം മതിലിനോട് ചേർന്ന് മരിച്ചനിലയിൽ കണ്ടെത്തി. മാന്നാനം വേലംകുളം കരോട്ട് രാജപ്പന്റെ മകൻ വി.ടി. പ്രദീപ് (44) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്.
ഹൃദ്‌രോഗിയായ പ്രദീപിനെ തിങ്കളാഴ്ച മുതൽ വീട്ടിൽ നിന്ന് കാണാനില്ലായിരുന്നെന്ന് കാട്ടി ബന്ധുക്കൾ ഇന്നലെ രാവിലെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ക്വാർട്ടേഴ്സിന് സമീപം മ്യൂസിക് ക്ളബിന്റെ മതിലിനോട് ചേർന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മൃതദേഹം മാറ്റി.