കോട്ടയം: വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചതിനെതിരെ സി.ഐ.ടി.യു തൊഴിലാളികൾ നഗരസഭ വളഞ്ഞ് നടത്തിയ ഉപരോധനത്തിൽ സംഘർഷം. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ കൗൺസിലർമാരെ നഗരസഭയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെ തൊഴിലാളികൾ തടഞ്ഞ് വച്ചതാണ് സംഘർഷത്തിന് കാരണമായത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. നഗരത്തിലെ തിരക്കേറിയ റോഡുകൾ കേന്ദ്രീകരിച്ച് അനധികൃത കച്ചവടം നടത്തിയ തൊഴിലാളികളുടെ ഉന്തുവണ്ടികളും സാധനങ്ങളും നഗരസഭ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ഐ.എൻ.ടി.യു.സി, ബി.എം.എസ് തൊഴിലാളികൾ 2000 രൂപ പിഴയടച്ച് വണ്ടി തിരികെ വാങ്ങിയെങ്കിലും സി.ഐ.ടി.യു യൂണിയൻ അതിന് തയ്യാറായില്ല. വാഹനങ്ങളും പിടിച്ചെടുത്ത സാധനങ്ങളും വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് നഗരസഭയുടെ മൂന്ന് കവാടങ്ങളും വളഞ്ഞ് സമരം നടത്തി. അകത്ത് കയറാനാകാതെ ഒരു മണിക്കൂറോളം കാത്ത് നിന്ന കൗൺസിലർമാർ ഒടുവിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ഒരു വിഭാഗം കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് അകത്തേയ്ക്ക് കടക്കാൻ ശ്രമിച്ചത് ഡിവൈ.എസ്.പി ആർ.ശ്രീകുമാറുമായി വേക്കേറ്റത്തിന് കാരണമായി. ബി.ഡി.ജെ.എസ് കൗൺസിലർ റിജേഷ് സി. ബ്രിസ്‌വില്ലയെ പൊലീസ് പിടിച്ചു തള്ളി. തുടർന്ന് പൊലീസ് ബലംപ്രയോഗിച്ച് സമരക്കാരെ മാറ്റാൻ ശ്രമിച്ചതോടെ തൊഴിലാളികൾ ഉപരോധം അവസാനിപ്പിച്ച് മടങ്ങി.

 കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങൾ

പൊലീസും കൗൺസിലർമാരും തമ്മിലുള്ള സംഘർഷത്തിനു പിന്നാലെ ചേർന്ന കൗൺസിൽ യോഗത്തിലും നാടകീയരംഗങ്ങൾ. യോഗം ആരംഭിച്ച ഉടൻ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. നിശ്ചിതസമയത്ത് കൗൺസിൽ യോഗം ആരംഭിക്കാനായില്ലെന്നും അതിനാൽ അജണ്ടകൾ ചർച്ചക്കെടുക്കാനാകില്ലെന്നും പ്രതിപക്ഷ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. നഗരസഭ ചട്ടം അനുസരിച്ച് അരമണിക്കൂർ വൈകിയാൽ കൗൺസിൽ യോഗം ചേരാനാകില്ലെന്നും ഇവർ പറഞ്ഞു. ഇതിനെതിരെ ഭരണപക്ഷം രംഗത്തെത്തിയതോടെ ബഹളമായി. വാക്കേറ്റം രൂക്ഷമായതോടെ അജണ്ടകളെല്ലാം അംഗീകരിച്ചതായി പ്രഖ്യാപിച്ച് ചെയർപേഴ്‌സൺ ഇറങ്ങിപ്പോയി.