കോട്ടയം: യുവതീപ്രവേശനം സംഘർഷഭരിതമായ സാഹചര്യത്തിൽ ശബരിമല സീസണോടനുബന്ധിച്ച് ജില്ലയിൽ തീർക്കുക കനത്ത പൊലീസ് വലയം. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1000 പൊലീസുകാരെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിക്കും.
തുലാമാസ പൂജയോട് അനുബന്ധിച്ച് നിലയ്ക്കലും പമ്പയിലുമുണ്ടാകാവുന്ന സംഘർഷം കണക്കിലെടുത്താണിത്. എരുമേലി, പാലാ, ഏറ്റുമാനൂർ, കോട്ടയം, മുണ്ടക്കയം അടക്കമുള്ള ഇടത്താവളങ്ങളിലും കനത്ത സുരക്ഷ ഒരുക്കും. ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നേരിട്ട് സ്ഥിതി നിയന്ത്രിക്കും. വിവിധ കേന്ദ്രങ്ങളിൽ ഡിവൈ.എസ്.പിമാർക്കും പ്രത്യേകം ചുമതല നൽകും.
നിലയ്ക്കലും പമ്പയിലും അക്രമമുണ്ടായപ്പോഴും എരുമേലിയിൽ സ്ഥിതിഗതികൾ ശാന്തമാകുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. എന്നാൽ അദ്ധ്യാപികയായ ബിന്ദു തങ്കം കല്യാണിയെ ആക്രമിക്കാൻ ശ്രമിച്ചതാണ് ജില്ലയിലും സ്ഥിതി ശാന്തമല്ലെന്ന നിഗമനത്തിലേയ്ക്ക് എത്താൻ കാരണം. നിലയ്ക്കലും പമ്പയിലുമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിന്ന് 40 പേർക്കെതിരെ കേസുണ്ട്.
പ്രശ്നക്കാരായി 500 പേർ
ജില്ലയിലെ പ്രശ്നക്കാരുടെ കണക്ക് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. ആർ.എസ്.എസ്, ബി.ജെ.പി, എ.എച്ച്.പി പ്രവർത്തർ അടക്കം ലിസ്റ്റിലുണ്ട്. സ്ഥിരം കേസിൽ പ്രതികളായവർ, സമൂഹ മാദ്ധ്യമങ്ങളിൽ പ്രകോപനപരമായി പെരുമാറുന്നവർ, കഴിഞ്ഞമാസം ശബരിമലയിൽ ക്യാമ്പ് ചെയ്തവർ എന്നിവരാണ് ലിസ്റ്റിലുള്ളത്. ആവശ്യമെങ്കിൽ ഇവരെ കരുതൽ തടങ്കലിൽ വയ്ക്കും.
എരുമേലിയിൽ 800 പൊലീസുകാർ
കഴിഞ്ഞ തവണ 400 പൊലീസുകാരെയാണ് എരുമേലിയിൽ വിന്യസിച്ചിരുന്നതെങ്കിൽ ഇക്കുറി 800 ആക്കും. പാല, ഏറ്റുമാനൂർ, മുണ്ടക്കയം, കോട്ടയം ഭാഗങ്ങളിലായി ഇരുനൂറോളം പൊലീസുകാരെയും വിന്യസിക്കും .സ്വീകരിക്കേണ്ട മുൻകരുതലുകൾക്കായി ഈ ആഴ്ച ഡിവൈ.എസ്.പിമാരുടെ പ്രത്യേക യോഗം ചേരും.
'' ഭക്തർക്ക് സമാധാനപരമായി ശബരിമലയിലേയ്ക്ക് പോകാനുള്ള സാഹചര്യം ഒരുക്കും. ആരും ആശങ്കപ്പെടേണ്ടതില്ല. പൊലീസ് സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് അവലോകന യോഗം ചേരും.
- ഹരിശങ്കർ, ജില്ലാ പൊലീസ് മേധാവി