കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ 13ന് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കിൽ വിശ്വാസി സമൂഹവുമായും സമാന ചിന്താഗതിയുള്ള സംഘടനകളുമായും ആലോചിച്ച് തുടർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. വിധി അനുകൂലമാകുമെന്നും സർക്കാരിന്റെ കണ്ണ് തുറക്കുമെന്നുമാണ് പ്രതീക്ഷ.
എൻ.എസ്.എസ് പതാക ദിനത്തിന് ശേഷം പെരുന്നയിൽ നടന്ന വിശ്വാസ സംരക്ഷണ നാമജപത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മന്നത്തിന്റെ ചരിത്രമറിയാത്തവർ നാട്ടിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണ്. അന്ധവിശ്വാസവും അനാചാരവും ഉച്ചനീചത്വവും മാറ്റിയെടുക്കാനാണ് മന്നത്ത് പത്മനാഭൻ എക്കാലവും നിലകൊണ്ടത്. അല്ലാതെ ആചാരവും വിശ്വാസവും ഇല്ലാതാക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ് ശബരിമല ക്ഷേത്രത്തിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിക്കാൻ മുൻകൈയെടുത്തത്. ഇന്ന് പലരും അനുഭവിക്കുന്ന പല ആനുകൂല്യങ്ങളും മന്നത്തിന്റെ കഠിനാദ്ധ്വാനംകൊണ്ട് ഉണ്ടായതാണെന്ന് ഓർക്കുന്നത് നല്ലതാണെന്നും സുകുമാരൻ നായർ പറഞ്ഞു. .