കോട്ടയം: പ്രതിദിനമുള്ള 80 സർവീസ് നടത്താൻ കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ 230 ഡ്രൈവർമാർ പോരെന്ന് യൂണിയനുകൾ. കോട്ടയം ഡിപ്പോയിലെ 90 കണ്ടക്‌ടർമാരെയും 120 ഡ്രൈവർമാരെയും സ്ഥലം മാറ്റിയത് സർവീസുകളെ ബാധിക്കുമെന്ന ആക്ഷേപവുമായാണ് യൂണിയനുകൾ രംഗത്തെത്തിയിരിക്കുന്നത്.
ജീവനക്കാർക്ക് അവരുടെ ദേശത്തു തന്നെ ജോലി നൽകുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി ഡ്രൈവർമാരെയും കണ്ടക്‌ടർമാരെയും കൂട്ടത്തോടെ സ്ഥലം മാറ്റിയത്. പകരം 55 ഡ്രൈവർമാരെയും, അഞ്ചു കണ്ടക്‌ടർമാരെയും ഇവിടെ എത്തിച്ചു.
വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി അൻപതോളം ജീവനക്കാരെയും മല്ലപ്പള്ളി, തിരുവല്ല, ചങ്ങനാശേരി ഡിപ്പോകളിലേയ്‌ക്കു മാറ്റിയിട്ടുണ്ട്. മൂന്നു മാസത്തേയ്‌ക്കാണ് ഇവരെ മാറ്റിയതെന്ന് പറയുന്നുണ്ടെങ്കിലും ഇവരുടെ ഔദ്യോഗിക രേഖകൾ കൈമാറിയത് ദുരൂഹമാണെന്നാണ് യൂണിയനുകളുടെ വാദം.
നിലവിൽ കോട്ടയം ഡിപ്പോ
80 സർവീസുകൾ
230 ഡ്രൈവർമാർ
180 കണ്ടക്‌ടർമാർ
വെട്ടിക്കുറയ്‌ക്കൽ
തോന്നും പടി
തിരക്ക് കുറഞ്ഞ സമയത്തെ സർവീസ് വെട്ടിക്കുറയ്‌ക്കണമെന്ന നിർദേശവും ഡീസൽ ക്ഷാമവും രൂക്ഷമായതോടെ പ്രതിദിനം കോട്ടയം ഡിപ്പോയിൽ കുറയ്‌ക്കുന്നത് 12 ലേറെ സർവീസുകൾ. മാനേജ്‌മെന്റ് ലാഭകരമല്ലാത്തവ വെട്ടിക്കുറയ്‌ക്കാൻ നിർദേശിച്ചതിന്റെ പേരിൽ തോന്നും പടിയാണ് ഇപ്പോൾ സർവീസുകൾ കുറയ്‌ക്കുന്നത്. തിരക്കേറിയ റൂട്ടുകളിൽ പോലും ഇതിന്റെ പ്രത്യാഘാതമുണ്ടാകുന്നുണ്ട്. ഇതിനിടെ സ്ഥലം മാറ്റത്തെച്ചൊല്ലിയുള്ള തൊഴിലാളികളുടെ എതിർപ്പും സർവീസുകളെ ബാധിച്ചേക്കുമെന്നാണ് സൂചന.