road

തീരാതെ പുളിഞ്ചുവട് - മുരിയൻകുളങ്ങര - ചേരുംചുവട് റോഡിലെ അറ്റകുറ്റപ്പണി

വൈക്കം : '' ഇത് തികഞ്ഞ ധാർഷ്ട്യമാണ്. അധികാരം കൈയിലുണ്ടെങ്കിൽ എന്തുമാകാമെന്നോ? മാസങ്ങളായി ഈ അറ്റകുറ്റപ്പണി. ജനം ദുരിതം സഹിക്കുന്നതിനും പരിധിയുണ്ട് ''.നഗരസഭ പതിനെട്ടാം വാർഡ് കൗൺസിലർ എം.ടി.അനിൽകുർ അമർഷത്തോടെ പരാതി പറഞ്ഞുതുടങ്ങി. രോഷാകുലരാണ് നാട്ടുകാരാകെ. നഗരത്തിലെ പ്രധാന ബൈപാസായ പുളിഞ്ചുവട് - മുരിയൻകുളങ്ങര - ചേരുംചുവട് റോഡിൽ അറ്റകുറ്റപ്പണി തുടങ്ങിയിട്ട് വർഷങ്ങൾ തന്നെയായെന്ന് പറയാം. റോഡ് ടാർ ചെയ്യും , തകരും.. കാലങ്ങളായി ഇത് തന്നെയാണ് പതിവ്. ഇപ്പോൾ അറ്റകുറ്റപ്പണിയുടെ പേരിൽ കലുങ്കുകൾ പൊളിച്ച് ഗതാഗതം മുടക്കിയിരിക്കുകയാണ്. വീടുകൾക്ക് മുന്നിൽ മതിൽ പോലെ ഓട കെട്ടിവെച്ചിരിക്കുന്നു. ഇതോടെ വീടുകളിലേക്ക് വാഹനങ്ങൾ കയറ്റാൻ കഴിയില്ല. ഇടറോഡുകളുടെ സ്ഥിതിയും ഇത് തന്നെയായിരുന്നു.

തീരാത്ത തടസങ്ങൾ

അഷ്ടമി എത്തുമ്പോൾ നഗരത്തിലേക്കുള്ള റോഡുകളെല്ലാം അറ്റകുറ്റപ്പണി തീർക്കുക പതിവാണ്. എന്നാൽ പുളിഞ്ചുവട് - മുരിയൻകുളങ്ങര - ചേരുംചുവട് റോഡിൽ ഓരോ ദിവസവും പുതിയ തടസങ്ങൾ തീർത്ത് പ്രദേശത്തെ ജനങ്ങളുടെയാകെ വഴിമുടക്കിക്കൊണ്ടിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്.

കോട്ടയം - എറണാകുളം റൂട്ടിൽ നിന്ന് വെച്ചൂർ, കുമരകം, ചേർത്തല, ആലപ്പുഴ ഭാഗങ്ങളിലേക്ക് നഗരത്തിൽ പ്രവേശിക്കാതെ കടന്നുപോകാൻ കഴിയുന്ന റോഡാണിത്. അഷ്ടമിദിവസങ്ങളിൽ ആയിരങ്ങൾ വൈക്കത്തേക്ക് ഒഴുകിയെത്തുമ്പോൾ നഗരത്തിലെ ഗതാഗതകുരുക്ക് കുറയ്ക്കുന്നതിനാൽ വലിയ പങ്കാണ് പുളിഞ്ചുവട് - ചേരുംചുവട് റോഡിന് വഹിക്കാനാവുക.