കോട്ടയം: ഇതരസംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ഇൻഷ്വറൻസ് പദ്ധതി ഒന്നാം വർഷത്തിലേയ്‌ക്ക് കടക്കുമ്പോൾ ജില്ലയിൽ ഇതുവരെ അംഗമായത് 16,000 പേ‌ർ. 2017 നവംബർ ഒന്നിന് ആരംഭിച്ച പദ്ധതിയിൽ ഒരാളുടെ ആശ്രിതർക്ക് മരണാനന്തര സഹായവും അഞ്ഞൂറിലേറെ തൊഴിലാളികൾക്ക് ചികിത്സാ ആനൂകൂല്യങ്ങളും ലഭിച്ചു.

തൊഴിലാളിയോ, ഉടമയോ ഒരു രൂപ പോലും പ്രീമിയം അടയ്‌ക്കാതെ തന്നെ രണ്ടു ലക്ഷം രൂപ പ്രതിവർഷം ഇൻഷ്വറൻസ് ആനൂകൂല്യം ലഭിക്കുന്നതാണ് പദ്ധതി. പ്രീമിയം സംസ്ഥാന സർക്കാർ അടയ്‌ക്കും. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളും പദ്ധതിയിലുൾപ്പെടുന്നു.

ആരോഗ്യവും ഒപ്പം തിരിച്ചറിയൽ രേഖയും

ഇൻഷ്വറൻസ് പദ്ധതിയ്‌ക്കൊപ്പം ഒരു തിരിച്ചറിയൽ രേഖകൂടിയാണ് തൊഴിൽ വകുപ്പിന്റെ ആരോഗ്യ കാർ‌ഡ്. വിവിധ തൊഴിലിടങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച ശേഷം ചിപ്പ് പതിച്ച കാർഡാണ് നൽകുന്നത്. ഇൻഷ്വറൻസിന്റെ പരിധിയിൽ വരുന്ന ആശുപത്രികളിൽ ഈ കാ‌ർഡ് കാണിച്ചാൽ സൗജന്യ ചികിത്സ ലഭിക്കും. തിരിച്ചറിയിൽ രേഖയായും കാ‌ർഡ് ഉപയോഗിക്കാം. 25,000 തൊഴിലാളികളെ അംഗങ്ങളാക്കാനായിരുന്നു സർക്കാർ പദ്ധതി. പ്രളയത്തെ തുടർന്ന് തൊഴിലാളികളിൽ പലരും നാട്ടിലേയ്‌ക്ക് മടങ്ങിയതിനാൽ പദ്ധതി വൈകി.

ഇൻഷ്വറൻസ് കമ്പനികളുടെ

സഹകരണം തേടുന്നു

നിലവിൽ മുഴുവൻ ചെലവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. പദ്ധതിയിൽ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ സഹായം സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്‌ക്ക് കൂടുതൽ ആനൂകൂല്യങ്ങൾ ലഭിക്കും.

പി.ജി വിനോദ്‌കുമാർ

അസി.ലേബർ ഓഫീസർ