rithesh
റിതേഷ്

കോട്ടയം: ഡോക്ടറായി ചമഞ്ഞും, ജോലി വാഗ്ദാനം ചെയ്തും പലരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കിടങ്ങൂർ മംഗലത്ത് കുഴിയിൽ എം.എെ രതീഷിനെ (ഡോക്ടർ റിതേഷ്, 29) ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു. പനച്ചിക്കാട് പഞ്ചായത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത് സഹപാഠിയായ യുവതിയിൽ നിന്ന് എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ കാർഡിയോ തൊറാസിക് സർജനാണെന്നാണ് ഇയാൾ മറ്റുള്ളവരോട് പറഞ്ഞിരുന്നത്.

ജോലി വാഗ്‌ദാനം ചെയ്‌ത് നഴ്സിൽ നിന്ന് ഏഴു ലക്ഷം രൂപ തട്ടിയതിന് ഗാന്ധിനഗർ പൊലീസിലും കരസേനയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഇരുപത് ലക്ഷം രൂപ തട്ടിയതിന് കറുകച്ചാൽ പൊലീസിലും ഇയാൾക്കെതിരെ കേസുണ്ട്. വിദേശത്ത് നഴ്‌സായി ജോലി വാഗ്‌ദാനം ചെയ്‌ത് മുണ്ടക്കയം സ്വദേശിയിൽ നിന്ന് ഏഴു ലക്ഷം രൂപയും, കിടങ്ങൂ‌ർ സ്വദേശികളായ രണ്ടു പേരിൽ നിന്ന് മൂന്നു ലക്ഷം രൂപ വീതവും തട്ടിയെടുത്തിട്ടുണ്ട്. വെല്ലൂർ മെഡിക്കൽ കോളേജിൽ കുഞ്ഞിന് ചികിത്സ വാഗ്‌ദാനം ചെയ്‌ത് ഒല്ലൂരിലെ യുവാവിൽ നിന്ന് നാല് ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. ബിവറേജസ് കോർപ്പറേഷനിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പത്തനംതിട്ട സ്വദേശിയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയും, കോട്ടയം നഗരത്തിലെ ഒരു ജനപ്രതിനിധിയുടെ ബന്ധുവിനു ജോലി വാഗ്‌ദാനം ചെയ്‌ത് ഒരു ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതിയുണ്ട്. ഒരുകോടി രൂപ ലോട്ടറി അടിച്ച ആളിൽ നിന്ന് പതിനെട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു.

വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ഐ നിർമ്മൽ ബോസ് ,എസ്.ഐ എം.ജെ അരുൺ കോട്ടയം ഡിവൈ.എസ്.പി ഓഫീസിലെ സീനിയർ സിവിൽ പൊലിസ് ഓഫീസർ അരുൺ കുമാർ, എ.എസ്.ഐ മാരായ ഉദയകുമാർ, മുരളീ മോഹൻ എന്നിവ‌ർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്‌തു.

കറക്കം ഡ‌ോക്‌ടർ സ്റ്റിക്കർ പതിച്ച കാറിൽ

ഡോക്‌ടർ എന്ന സ്റ്റിക്കർ പതിച്ച കാറിലാണ് പ്രതി സ്ഥിരം സഞ്ചരിച്ചിരുന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് പരിസരങ്ങളിൽ വെള്ള കോട്ടു ധരിച്ച് ഇയാൾ നടക്കുമായിരുന്നു. ഡോക്‌ടറാണെന്ന വ്യാജേന സിനിമാ രാഷ്ട്രീയ മേഖലയിലുള്ള പലരുമായും എം.എൽ.എമാരടക്കമുള്ള ജനപ്രതിനിധികളുമായും ഇയാൾ അടുപ്പം സ്ഥാപിച്ചിരുന്നു.