വൈക്കം: വൈക്കത്തു നിന്ന് എറണാകുളത്തേക്ക് സർവ്വീസ് ആരംഭിക്കുന്ന അതിവേഗ യാത്രാബോട്ട് 'വേഗ 120' ഇന്ന് വൈക്കത്തെത്തും. രാവിലെ 7ന് ബോട്ട് കൊച്ചിയിൽ നിന്ന് പുറപ്പെടും. ട്രയൽ റൺ നടത്തിയാണ് വൈക്കത്തേക്ക് വരിക. വൈക്കത്തിന്റെ ജലഗതാഗത സാദ്ധ്യതകളും പൊതുഗതാഗത, വിനോദ സഞ്ചാര മേഖലകളിൽ അത് സൃഷ്ടിച്ചേക്കാവുന്ന വികസനവും സി.കെ. ആശ എം.എൽ.എ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ബോട്ട് അനുവദിച്ചത്. പതിറ്റാണ്ടുകൾക്ക് മുൻപ് വൈക്കത്ത് നിന്നും കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ബോട്ട് സർവീസ് ഉണ്ടായിരുന്നു. കരമാർഗമുള്ള ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെട്ടതോടെ അവയെല്ലാം നിലച്ചുപോവുകയായിരുന്നു.വൈക്കം - പള്ളിപ്പുറം റൂട്ടിൽ സർവ്വീസ് നടത്തുന്ന രാജ്യത്തെ തന്നെ ആദ്യത്തെ സൗരോർജ്ജ യാത്രാബോട്ടായ ആദിത്യ നിർമ്മിച്ച നൊവാൾട്സ് ആണ് വേഗയുടേയും നിർമ്മാതാക്കൾ. ജലഗതാഗത വകുപ്പിന്റെ അരൂരിലെ യാർഡിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. 120 സീറ്റുകളുള്ളതിൽ 40 എണ്ണം എസി ആണ്. ഒരു നിലയാണുള്ളത്. വൈക്കം - എറണാകുളം റൂട്ടിലെ സ്റ്റോപ്പുകളുടെയും നിരക്കിന്റെയും കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 4ന് ഉച്ചക്ക് 2ന് വൈക്കം ജെട്ടിയിൽ മന്ത്രി തോമസ് ഐസക് പുതിയ ബോട്ട് സർവ്വീസ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സി.കെ.ആശ എം.എൽ.എ സ്വാഗതം പറയും.
സീറ്റുകൾ: 120