joy-mathew

 കോഴിക്കോട്: ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവരെ തീവ്രവാദികളാക്കാനാണ് ശ്രമമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പ്രതികരിച്ചു. കന്യാസ്ത്രീകൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മിഠായിത്തെരുവിൽ മൗന ജാഥ നടത്തിയതിന് എടുത്ത കേസിൽ കോഴിക്കോട് ടൗൺ പൊലിസ് സ്റ്റേഷനിൽ ഹാജരായതിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഴയടച്ച് കേസ് നടപടികൾ അവസാനിപ്പിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'തീവ്രവാദിയാക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും സമര വിരുദ്ധ മേഖലയായി മിഠായിതെരുവിനെ പ്രഖ്യാപിച്ചതറിയില്ലെന്നും ജോയ് മാത്യു വ്യക്തമാക്കി. കഴിഞ്ഞ 13നായിരുന്നു സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മ കന്യാസ്ത്രീകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മിഠായിത്തെരുവിലൂടെ മൗന ജാഥ നടത്തിയത്. പിഴയടച്ച് കേസ് തീർപ്പാക്കാമെന്ന് പൊലിസ് അറിയിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല.

ജോൺസ് മാത്യു, പി.ടി ഹരിദാസൻ എന്നിവരടക്കമുള്ള 25 പേർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. മിഠായിത്തെരുവിലൂടെ അനുമതിയില്ലാതെ പ്രകടനം നടത്തരുതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവുണ്ടെന്നാണ് പൊലീസ് നിലപാട്.