swami-guruthnam-jnana-tha

ജ്ഞാനിയായ ഗുരു തന്റെ ശിഷ്യനോട് ചോദിച്ചു

'ഒരു സന്യാസി എപ്രകാരമായിരിക്കണം"

ശിഷ്യൻ മൗനം പാലിച്ചപ്പോൾ ഗുരു ഒരുകഥ പറഞ്ഞു

'മൂന്നു മനുഷ്യരെപ്പറ്റിയുള്ള കഥയാണിത്. മൂന്നുപേരും അവരുടെ തോളിൽ മുൻപോട്ടും പിന്നോട്ടുമായി രണ്ട് ചാക്കുകൾ വീതം വഹിച്ചിരുന്നു. ഇരുവരുടെയും ചാക്കുകെട്ടുകൾ വലുതും ഭാരമേറിയതുമായിരുന്നു. ഒന്നാമത്തെയാളിനോട് വഴിപോക്കൻ ചോദിച്ചു.

'എന്താണ് രണ്ടുവശത്തേക്കും ഭാരം തൂക്കുന്ന നിങ്ങളുടെ ചാക്കുകെട്ടുകളിലുള്ളത് ? "

അയാൾ ഉത്തരം നൽകി

'എന്റെ പിൻവശത്തുള്ള ചാക്കിൽ എന്റെ കുടുംബക്കാരും സ്‌നേഹിതരും എനിക്ക് വേണ്ടി ചെയ്തിട്ടുള്ള നല്ല കാര്യങ്ങളാണ്. എന്റെ മുൻവശത്തുള്ള ചാക്കിൽ അവർ എന്നോട് ചെയ്തിട്ടുള്ള ദ്രോഹങ്ങളും അന്യായങ്ങളും ഉപദ്രവങ്ങളുമാണ് " .
ഈ ഉത്തരം നൽകിയ മനുഷ്യന് അധിക ദൂരം പോകാനായില്ല. കാരണം അയാളുടെ ചാക്കുകളിലെ ഭാരം അത്ര കൂടുതലായിരുന്നു. രണ്ടാമത്തെ ആളോടും അയാൾ വഹിക്കുന്ന ഭാരങ്ങളെ പറ്റി വഴി പോക്കൻ ചോദിച്ചു അയാൾ പറഞ്ഞു.

'എന്റെ മുൻവശത്തെ ചാക്കിൽ എന്റെ എല്ലാ സത്പ്രവൃത്തികളും നന്മകളും പ്രശംസമർഹങ്ങളായ വസ്തുക്കൾകൊണ്ട് നിറച്ചിരിക്കുന്നു. എന്റെ പിൻവശത്തെ ചാക്കിൽ എന്റെ തെറ്റായ ചെയ്തികളും ഞാൻ വരുത്തിയ പിഴവുകളുമാണ് " . അത് വളരെ ഭാരം തോന്നിപ്പിക്കുന്നത്ര അധികമാണ്. ആദ്യത്തെ ആളിനേക്കാൾ കുറച്ചുകൂടി മുന്നോട്ട് പോകാനേ അയാൾക്ക് കഴിഞ്ഞുള്ളു. മൂന്നാമത്തെ ആളിനോട് അയാൾ വഹിക്കുന്ന ചാക്കു കെട്ടുകളെപ്പറ്റി തിരക്കിയപ്പോൾ പറഞ്ഞു

'എന്റെ മുൻവശത്തെ ചാക്കിൽ നിറച്ചിരിക്കുന്നത് ദൈവം നൽകിയ അനുഭവ പരിചയങ്ങളായ സമ്മാനങ്ങളാണ്. അത് ഇടയ്ക്കിടക്ക് തുറന്ന് ഞാൻ മറ്റുള്ളവർക്ക് കൊടുത്ത് കൊണ്ടേയിരിക്കുന്നു അത് പകരുന്തോറും ഭാരം കുറയുന്നു. ഓരോ പ്രാവശ്യം കൊടുക്കുമ്പോഴും കിട്ടുന്ന സന്തോഷം എനിക്ക് ഉത്സാഹം പകർന്ന് കാലടികളെ മുന്നോട്ട് നയിക്കുന്നു " . ഇത് പറഞ്ഞിട്ട് അയാൾ പിന്നിലെ ചാക്ക് എടുത്ത് കാണിച്ചു കൊടുത്ത്. 'ഇത് നിറയെ വലിയ സുഷിരങ്ങൾ. അതിൽ ഒന്നുമില്ല താനും" . വഴി പോക്കൻ സംശയം ചോദിച്ചു

'ഒന്നും ഇടാനില്ലെങ്കിൽ എന്തിന് കാലിച്ചാക്കു പുറകോട്ടു തൂക്കിയിടണം'?

അയാൾ പറഞ്ഞു

'ഞാനീ ചാക്കിൽ നിറയെ ദ്വാരങ്ങളിട്ടിരിക്കുന്നത് നോക്കൂ, എനിക്കെതിരായി ഉയരുന്ന വിമർശനങ്ങളും പരിഹാസങ്ങളും ദ്രോഹങ്ങളുമെല്ലാം ഞാനീ ചാക്കിലേക്ക് ഇടുന്നു. ഇവയെല്ലാം ആ ചാക്കിന്റെ ചുവട്ടിലെ ദ്വാരത്തിൽ കൂടി പുറന്തള്ളപ്പെടുന്നു. ഒന്നും അതിൽ തള്ളുവാൻ ഇടയാകുന്നില്ല " . ഇത് പറഞ്ഞ് അയാൾ നടന്നു നീങ്ങി.
ചാക്കു ചുമന്ന് നടന്ന മൂന്നു വ്യക്തികളുടേയും പ്രതീകങ്ങൾ സമൂഹത്തിൽ കാണാം. എന്നാൽ അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണുന്ന ആ മൂന്നാമനാണ് സന്യാസി.

mail: media.santhigiri@gmail.com