തിരുവനന്തപുരം: ഒപ്പം പ്രവർത്തിച്ചവരിൽ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്ന് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് തന്നെ വീട്ടിൽ വന്നു കണ്ട ടി.പി. ചന്ദ്രശേഖരൻ പറഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ചന്ദ്രശേഖരൻ ബൈക്കിൽ വീട്ടിൽ വന്നത്.
'ഞാനന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രിയാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ ചിലർ പിന്തുടരുന്നതായി അദ്ദേഹം മനസിലാക്കി. ഞാനുണ്ട് കൂടെയെന്ന് അദ്ദേഹത്തോട് പറഞ്ഞെങ്കിലും അത് കേൾക്കാതെ അദ്ദേഹം പോയി' -മുല്ലപ്പള്ളി പറഞ്ഞു. കൗമുദി ടി.വിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കവെയായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ വെളിപ്പെടുത്തൽ. ചന്ദ്രശേഖരൻ വധക്കേസിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷണത്തിൽ നിന്ന് ഒഴിവായതടക്കമുള്ള കാര്യങ്ങളിലേക്ക് മുല്ലപ്പള്ളി മനസ് തുറന്നു.
കോൺഗ്രസിൽ സമന്വയത്തിന്റെയും സമവായത്തിന്റെയും പാതയാവും താൻ സ്വീകരിക്കുക. 1977ന് ശേഷം 20 പാർലമെന്റ് സീറ്റും നേടുകയെന്നതാണ് ലക്ഷ്യം. ബൂത്ത്തലത്തിലേക്ക് ഇറങ്ങിച്ചെന്ന് സംഘടനയെ ശക്തിപ്പെടുത്താൻ പോവുകയാണ്. മത്സരരംഗത്ത് ഇനി താനില്ലെന്നും വരുന്ന തിരഞ്ഞെടുപ്പിൽ ജയസാദ്ധ്യത മാത്രമാകും സ്ഥാനാർത്ഥി നിർണ്ണയത്തിൽ മാനദണ്ഡമാവുക എന്നും വ്യക്തമാക്കിയ മുല്ലപ്പള്ളി, സംഘടനയിലും തിരഞ്ഞെടുപ്പ് രംഗത്തും യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാമുഖ്യം നൽകണമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി. വിശദമായ അഭിമുഖം ഇന്ന് രാത്രി 7.35ന് കൗമുദി ടി.വിയിൽ.