കണ്ണൂർ: മദ്യനിർമ്മാണശാലകൾക്ക് അനുമതി നൽകിയതിൽ യാതൊരു തെറ്റുമില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ. അപേക്ഷ ലഭിച്ചാൽ മദ്യശാലകൾ ഇനിയും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'മലബാർ ബ്രൂവറിക്ക് അനുമതി നൽകിയത് ആന്റണി സർക്കാരാണ്. പ്രതിപക്ഷ നേതാവ് തന്റെ സംശയങ്ങൾ ചോദിക്കേണ്ടത് ആന്റണിയോടാണ്. അന്നത്തെ എക്‌സൈസ് മന്ത്രി കെ.വി.തോമസാണ് ബ്രൂവറിക്ക് അനുമതി നൽകിയത്'- ജയരാജൻ പ്രതികരിച്ചു.
'ചായക്കടയ്‌ക്ക് അപേക്ഷ ലഭിച്ചാൽ പഞ്ചായത്തുകൾ പരിഗണിക്കാറില്ലേ ? അപേക്ഷ ലഭിച്ചാൽ അവർ അത് പരിശോധിച്ച് നടപടിയെടുക്കും. അത് ഓരോ ഭരണസ്ഥാപനങ്ങളും ചെയ്യുന്നതാണ്. സർക്കാരിന് മുന്നിലെത്തുന്ന അപേക്ഷകൾ പരിഗണിച്ച് അനുമതി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കും. അതൊക്കെ മദ്യനയത്തിന്റെ ഭാഗമാണ്' -ജയരാജൻ പറഞ്ഞു.