ramesh-chennithala

തിരുവനന്തപുരം: എറണാകുളത്ത് ബ്രുവറി സ്ഥാപിക്കാൻ പവർ ഇൻഫ്രാടെകിന് കിൻഫ്ര ഭൂമി അനുവദിക്കാൻ രേഖാമൂലം സന്നദ്ധത അറിയിച്ച കിൻഫ്ര പ്രോജക്ട് ജനറൽ മാനേജർ സി.പി.എം ഉന്നതനേതാവിന്റെ മകനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബ്രുവറി, ഡിസ്റ്റിലറി ഇടപാടിൽ സി.പി.എമ്മിന്റെ ഉന്നതതലങ്ങളിൽ നടന്ന ഗൂഢാലോചനയിലേക്ക് ഇത് വിരൽചൂണ്ടുന്നു. 2017 മാർച്ച് 27നാണ് പവർ ഇൻഫ്രാടെക് സി.എം.ഡി അലക്സ് മാളിയേക്കൽ കിൻഫ്ര പ്രോജക്ട് ജനറൽമാനേജർക്ക് അപേക്ഷ നൽകിയത്. 48 മണിക്കൂറിനകം ഇതനുവദിക്കാമെന്നറിയിച്ച് ജനറൽ മാനേജർ കത്ത് നൽകി. ഏപ്രിൽ നാലിന് ഈ കത്തിന്റെ ബലത്തിലാണ് ശ്രീചക്ര ഡിസ്റ്റിലറിക്കുള്ള അപേക്ഷ നൽകിയത്. ഭൂമി അനുവദിച്ചിട്ടില്ലെന്ന് വ്യവസായമന്ത്രി പറയുന്ന സ്ഥിതിക്ക് പ്രോജക്ട്  ജനറൽ  മാനേജരുടെ  കത്ത്  കിൻഫ്ര എം.ഡി അറിഞ്ഞോയെന്ന് സർക്കാർ വ്യക്തമാക്കണം. ജില്ലാതല വ്യവസായ സമിതി ചർച്ച ചെയ്ത് വേണം ഭൂമി അനുവദിക്കാനെന്ന വ്യവസ്ഥ പോലും പാലിക്കാതെ എക്സ്‌പ്രസ് വേഗതയിലായിരുന്നു അനുമതി.

19 വർഷത്തിന് ശേഷം സുപ്രധാന നയംമാറ്റമുണ്ടായപ്പോൾ അത് പരമരഹസ്യമാക്കിയെന്നത് ബ്രുവറി ഇടപാടിലെ ഗൂഢാലോചനയ്ക്കുള്ള ഒന്നാമത്തെ തെളിവാണ്. തൃശൂർ ജില്ലയിൽ ഡിസ്റ്റിലറി അനുവദിക്കാനുള്ള ശ്രീചക്രയുടെ അപേക്ഷ വന്നപ്പോൾ, 99ലെ ഉത്തരവ് നിലനിൽക്കുന്നതിനാൽ അത് പരിഷ്കരിച്ച് ഉത്തരവിറക്കണമെന്ന് എക്സൈസ് കമ്മിഷണർ നിർദ്ദേശിച്ചിരുന്നു.  അത്  മറികടന്ന് അനുമതി  നൽകാൻ  ആരുത്തരവിട്ടു?  99ൽ  നിരസിക്കപ്പെട്ട  110  അപേക്ഷകളിൽ  98ൽ  അപേക്ഷിച്ച ശ്രീചക്രയുടേതും ഉൾപ്പെട്ടിരുന്നു. അവർ പിന്നീട് ഹൈക്കോടതിയിൽ പോയപ്പോൾ അബ്കാരിനയമനുസരിച്ച് അനുമതി നൽകാനാവില്ലെന്നാണ് കോടതി പറഞ്ഞത്. 99ലെ ഉത്തരവ് നയമാണെന്ന് ഹൈക്കോടതിയും ഇതിലൂടെ അംഗീകരിച്ചു. എന്നിട്ടാണ് അത് തിരുത്താതെ അവർക്കിപ്പോൾ അനുമതി നൽകിയത്. മദ്യലഭ്യതയിൽ എട്ട് ശതമാനത്തിന്റെ കുറവേ ഇപ്പോഴുള്ളൂ എന്ന് എക്സൈസ് മന്ത്രി തന്നെ പറയുന്ന സ്ഥിതിക്ക് കേരളത്തിനകത്ത് ഉല്പാദിപ്പിക്കുന്ന മദ്യമേ ഇനിയിവിടെ വിപണനം നടത്താവൂ എന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അന്യസംസ്ഥാനലോബിയാണ് തനിക്ക് പിന്നിലെന്ന ആരോപണത്തിന് മറുപടിയായാണ് ചെന്നിത്തലയുടെ ഈ പ്രതികരണം.

 ഗവർണറെ കണ്ടു
ബ്രുവറി, ഡിസ്റ്റിലറി ഇടപാടിൽ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ അനുമതി തേടി ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ പ്രതിപക്ഷനേതാവ് കണ്ടു. അഴിമതി നിരോധനനിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ച് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിജിലൻസിന് കേസെടുക്കാനാവില്ല. അതിനാൽ താൻ വിജിലൻസിന് പരാതി നൽകിയാലും സർക്കാർ അനുമതി നൽകാത്തിടത്തോളം അതവിടെ കിടക്കും. മന്ത്രിമാരെ അധികാരത്തിലേറ്റാനും നീക്കാനും അധികാരമുള്ള ഗവർണർ ഇക്കാര്യത്തിൽ നീതിയുക്തമായ തീരുമാനമെടുക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. അഴിമതിക്കെതിരായ പോരാട്ടത്തിന് മരണവാറണ്ടാണ് കേന്ദ്രം വരുത്തിയ ഈ നിയമഭേദഗതിയെന്നതിനാൽ ഇതിനെതിരെ താൻ സുപ്രിംകോടതിയിൽ പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.