pearly-mani

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് അവസാനമായി ബിഗ് ബോസ് ഒന്നാം സീസൺ കഴിഞ്ഞ ദിവസം അവസാനിച്ചിരിക്കുകയാണ്. തരികിട എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയനായ സാബുമോനെയാണ് വിജയിയായി തിരഞ്ഞെടുത്തത്. മത്സരത്തിന്റെ ആദ്യാവസാനം ഇഞ്ചോടിഞ്ച് മത്സരത്തിലൂടെ രണ്ടാം സ്ഥാനത്തെത്തിയത് ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ പേളി മാണിയായിരുന്നു. ബിഗ് ബോസിലെ നൂറ് ദിവസത്തെ താമസത്തിന് ശേഷം പുറത്തെത്തിയ പേളി ഫേസ്ബുക്ക് ലൈവിലൂടെയാണ് ആരാധകരുമായി തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.


ബിഗ് ബോസിൽ തനിക്ക് മുന്നോട്ട് പോകുവാൻ പിന്തുണ നൽകിയവർക്ക് നന്ദി പറഞ്ഞ പേളി, ഷോയിൽ വിജയിയായ സാബുമോനെ അഭിനന്ദിക്കുകയും ചെയ്തു. ഏറ്റവും അർഹതപ്പെട്ടയാളാണ് വിജയിയായത്. താൻ പ്രതീക്ഷിച്ചത് പോലെയല്ലായിരുന്നു ബിഗ് ബോസിൽ സംഭവിച്ചത്. എന്നെ ഇഷ്ടപ്പെടുന്നവർക്ക് അവിടെ കാണാനായത് തന്റെ വീക്ക് സൈഡ് മാത്രമായിരുന്നു. അതിന്റെ അകത്ത് നടന്നതൊന്നും മനസിൽ വയ്ക്കുന്നില്ല, എല്ലാവരോടും സ്‌നേഹം മാത്രമാണ്. ഷോയ്ക്ക് ശേഷം പുറത്തിറങ്ങിയ തന്നോട് ഒരു പാട് പേർ നിരവധി ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെന്നും പേളി പറഞ്ഞു.അതേസമയം വഴക്കിട്ടെങ്കിലും ശ്രീനിഷുമായിട്ടുള്ളത് ശരിക്കുള്ള ഇഷ്ടമാണ്, താൻ ഒരു വഴക്കാളിയാണെന്നും,എന്തെങ്കിലും ബുദ്ധിമുട്ട് ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.