tharikida-sabu

മലയാള ടെലിവിഷൻ ചരിത്രത്തെ ഇളക്കി മറിച്ച് കഴിഞ്ഞ നൂറു ദിനങ്ങളായി ബിഗ് ബോസ് സീസൺ കഴിഞ്ഞ ദിവസം അവസാനിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി ബിഗ് ബോസിന്റെ പടികയറിയെത്തിയ സാബുമോനാണ് സീസൺ ഒന്നിലെ വിജയി.


പ്രശസ്ത ചാനലിലെ തരികിട എന്ന പരിപാടിയിലൂടെയാണ് സാബുമോൻ പ്രശസ്തനായത്. വർഷങ്ങൾക്ക് മുൻപ് മലയാളത്തിൽ ആരംഭിച്ച പ്രമുഖ ചാനലിൽ തരികിടയോട് സാമ്യമുള്ള പരിപാടിയുമായെത്തിയ സാബു പിന്നെയും ശ്രദ്ധേയനായി.എന്നാൽ സോഷ്യൽ മീഡിയയിലെ ചില ഇടപെടലുകൾ അദ്ദേഹത്തെ സിനിമാലോകത്ത് ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി രഞ്ജിനി ഹരിദാസുമായും, യുവമോർച്ച വനിതാ നേതാവായ ലസിത പാലയ്ക്കലുമായും ഫേസ്ബുക്കിലുണ്ടായ ഉരസൽ പൊലീസ് കേസായി മാറുകയും ചെയ്തു.

ഒരു ഇടവേളയ്ക്ക് ശേഷം മലയാളികൾ സാബുമോനെ കാണുന്നത് ബിഗ് ബോസ് മലയാളം ഷോ ആരംഭിച്ച ദിവസമാണ്. അപ്രതീക്ഷിതമായി സാബുമോനെ, ബിഗ്‌ബോസ് അവതാരകനായെത്തിയ മോഹൻലാൽ ക്ഷണിക്കുകയായിരുന്നു. ബിഗ് ബോസ് വീട്ടിലെത്തിയ സാബുമോനെ കാത്തിരുന്നത് രഞ്ജിനി ഹരിദാസടക്കമുള്ള പ്രശസ്തരും. കണ്ടമാത്രയിൽ സാബുമോനോട് അനിഷ്ടം പ്രകടിപ്പിച്ച രഞ്ജിനി പക്ഷേ ബിഗ് ബോസ് ഹൗസ് വിടുമ്പോൾ സാബുമോന്റെ ഉറ്റ ചങ്ങാതിയായിട്ടാണ്. സ്വന്തമായി നിലപാടുള്ള ആകാശത്തിന് താഴെയുളള എന്തിനെ കുറിച്ചും അറിവുള്ള ഒരാളാണ് സാബുമോനെന്ന് വരും ദിനങ്ങളിൽ മലയാളികൾ മനസിലാക്കി. ഒടുവിൽ ഫിനാലയിൽ പേളി മാണിയെന്ന കരുത്തേറിയ മത്സരാർത്ഥിയെ തോൽപ്പിച്ച് ഒരു കോടിയിൽപ്പരം രൂപയുടെ സമ്മാനവും കരസ്ഥമാക്കി നല്ലകുട്ടിയെന്ന ലേബലും സ്വന്തമാക്കി മടങ്ങുമ്പോൾ കഴിഞ്ഞ നൂറ് ദിനങ്ങൾ തനിക്ക് പരിവർത്തനത്തിന്റേതായിരുന്നു എന്ന് തുറന്ന് സമ്മതിക്കാൻ സാബുമോന് മടിയൊന്നുമില്ല.