മണ്ഡ്യ: മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച സുഹൃത്തിന്റെ തല അറുത്തുമാറ്റിയ യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കർണാടകയിലെ മണ്ഡ്യയിലാണു സംഭവം. ഗിരീഷ് എന്നയാളാണ് കൊല്ലപ്പെട്ടത്.ഇയാളുടെ സുഹൃത്ത് പശുപതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാവിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതിന് ഗിരീഷുമായി പശുപതി നേരത്തെ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. രണ്ടുതവണ ഇത്തരത്തിൽ തർക്കമുണ്ടായി. തുടർന്നായിരുന്നു കൊലപാതകം.
കർണാടകയിൽ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്. കഴിഞ്ഞ വ്യാഴാഴ്ച ശ്രീനിവാസപുര സ്വദേശിയായ അസീസ് ഖാൻ എന്നയാൾ ഒരു സ്ത്രീയുടെ ശിരച്ഛേദം നടത്തി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. അയാളുടെ വനിതാ സുഹൃത്തിനെയാണ് ഇത്തരത്തിൽ കൊലപ്പെടുത്തിയത്.ഈ മാസമാദ്യം സ്വന്തം ഭാര്യയുടെ ശിരസറുത്താണ് മറ്റൊരാൾ പൊലീസ് സ്റ്റേഷനിലെത്തിയത്. ചിക്കമംഗലുരുവിലായിരുന്നു സംഭവം. ഭാര്യയും മറ്റൊരാളും തമ്മിലുള്ള അവിഹിത ബന്ധം ശ്രദ്ധയിൽപ്പെട്ട സതീശാണ് അവരുടെ തലയറുത്തശേഷം അതുമായി പൊലീസ് സ്റ്റേഷനിൽ ഹാജരായത്.