കോഴിക്കോട്: ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമിന് മുറി നൽകാതെ അപമാനിച്ച സ്വകാര്യ ലോഡ്ജ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരും ഉടമയും മുറി തരാതെ അപമാനിച്ചെന്ന ശീതൾ ശ്യാമിന്റെ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് വടകരയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. വടകര അൽസഫ ലോഡ്ജ് ഉടമെയയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മൊകേരി ഗവൺമെന്റ് കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ശീതളിനെ ലോഡ്ജ് ഉടമ അപമാനിച്ചത്. രാവിലെ ഏഴരയോടെയാണ് സംഭവം. യൂണിയൻ ഉദ്ഘാടനം ചെയ്യാനെത്തിയ ശീതളിനായി ഭാരവാഹികൾ അൽ സഫ ലോഡ്ജിൽ മുറി ബുക്ക് ചെയ്തിരുന്നു. എന്നാൽ രാവിലെ ലോഡ്ജിലെത്തിയ ശീതളിന് റൂം നൽകാൻ ലോഡ്ജ് ജീവനക്കാർ തയ്യാറായില്ല. ഇത്തരക്കാർക്ക് റൂം നൽകരുതെന്ന് പൊലീസ് നിർദ്ദേശമുണ്ടെന്നായിരുന്നു ലോഡ്ജ് ജീവനക്കാരുടെ നിലപാട്.
തന്റെ ഐഡന്ററ്റിയെ അപമാനിച്ച് സംസാരിച്ചതിന് പുറമെ കൂടെ വന്ന കോളേജ് യൂണിയൻ ഭാരവാഹികളെ ചേർത്ത് മോശമായി സംസാരിച്ചെന്നും ശീതൾ ശ്യാം പറഞ്ഞു. തനിക്ക് ആദ്യമായാണ് ഇത്തരത്തിലൊരു അനുഭവുമുണ്ടാകുന്നത്. പൊലീസിനെയും മാദ്ധ്യമങ്ങളെയും തങ്ങൾക്ക് പേടിയില്ലെന്നുമാണ് ഉടമയടക്കമുള്ളവർ പറഞ്ഞതെന്ന് ശീതൾ വ്യക്തമാക്കി. അതേസമയം, ശീതളിന് നേരിട്ട അധിക്ഷേപത്തിൽ അടിയന്തര നടപടി എടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഹോട്ടലിനെതിരെ നിയമനടപടി എടുക്കും. ശീതൾ പരാതി നൽകിയാൽ കടുത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.